കോഴിക്കോട് വിമാനത്താവളത്തിലേക്ക് നാലുവരിപ്പാത നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. രാമനാട്ടുകര മുതൽ എയർപോർട്ട് ജങ്ഷൻ വരെ നാലുവരി പാതയാക്കുമെന്ന് നേരത്തെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് ആരംഭിച്ചത്. 12 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കാൻ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കാനുള്ള അലൈൻമെൻറ്, ഇൻവെസ്റ്റിഗേഷൻ എന്നിവയാണ് ആരംഭിക്കുന്നത്. ഇതിനായി 33.7 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഡി.പി.ആർ തയാറാക്കാൻ നടപടികളാരംഭിക്കും.
കോഴിക്കോട് – മലപ്പുറം – പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയപാത
966 കേന്ദ്ര സർക്കാർ ഭാരത്മാല പരിയോജനയിൽ ഉൾപ്പെടുത്തി നാല്, ആറ് വരി പാതയാക്കി വികസിപ്പിക്കുന്ന നടപടികൾ ദേശീയപാത അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. ഇൗ അലൈൻമെൻറിൽ കോഴിക്കോട് മുതൽ എയർേപാർട്ട് ജങ്ഷൻ വരെയുള്ള ഭാഗം ഉൾപ്പെട്ടിട്ടില്ല. തുടർന്ന് സെപ്റ്റംബർ 23ന് കോഴിക്കോട് കലക്ടറുടെ അധ്യക്ഷതയിൽ ഓണലൈനായി ചേർന്ന ജില്ല ഇൻഫ്രാസ്ട്രക്ച്ചർ കോ ഓഡിനേഷൻ സമിതി യോഗത്തിൽ വിഷയം ചർച്ചയായിരുന്നു.
യോഗത്തിൽ രാമനാട്ടുകര മുതൽ എയർ പോർട്ട് ജങ്ഷൻ വരെയുള്ള ഭാഗം നാലുവരിയാക്കാനുള്ള അലൈൻമെൻറ്, ഇൻവെസ്റ്റിഗേഷൻ എന്നിവ നടത്തുന്നതിന് ദേശീയപാത കോഴിക്കാട് എക്സിക്യൂട്ടീവ് എൻജിനീയർ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.പി.ആർ തയാറാക്കാനുള്ള നടപടികൾ ആരംഭിച്ചത്. നിലവിൽ കരിപ്പൂരിലേക്കുള്ള പ്രധാനപാതയായ രാമനാട്ടുകര മുതൽ എയർപോർട്ട് ജങ്ഷൻ വരെ പലയിടത്തും ഗതാഗതകുരുക്ക് പതിവാണ്. ദിവസങ്ങൾക്ക് മുമ്പ് കരിപ്പൂരിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലും വിഷയം ചർച്ചയായിരുന്നു. രാമനാട്ടുകര മുതൽ എയർപോർട്ട് ജങ്ഷൻ വരെ എലിവേറ്റഡ് ഹൈവേ അടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുണ്ടെന്നായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് യോഗത്തിൽ അറിയിച്ചത്.