ഒടുവിൽ പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയുമായിരുന്ന മുന്‍ കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും പ്രവാസി കോണ്‍ഗ്രസ് അനുഭാവ സംഘടന ‘ഇന്‍കാസ്’ നേതാവ് കെ കെ ഉസ്മാന്‍ പാറക്കടവും കോഴിക്കോട് അളകാപുരി ഹോട്ടലിൽ കണ്ടുമുട്ടി.
കോവിഡ് ഒന്നാം തരംഗത്തുടക്കത്തില്‍ പ്രതിപക്ഷ നേതാവായിരിക്കെ ചെന്നിത്തല ഖത്വറില്‍ ഉസ്മാനെ വിളിച്ച് പ്രവാസികള്‍ക്ക് കോവിഡ് സുരക്ഷ ഒരുക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതിന്റെ വാട്സ് ആപ് ക്ലിപുകള്‍ പുറത്തു വന്നതോടെ സമൂഹ മാധ്യമങ്ങളില്‍ ഇടത് സൈബര്‍ സേന ആക്രമണം തുടങ്ങി.
ഉസ്മാന്‍ ട്രോളുകളില്‍ ചെന്നിത്തലയുടെ ഭാവനാസൃഷ്ടിയായി. മഹാമാരിക്കാലം ‘ഉസ്മാനും’ ഉസ്മാനും ഏറെ പരിഹാസത്തിനിരയായി.
ഗര്‍ഭിണിയായ മകളെയും കൊണ്ട് ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് വന്ന ദിവസവും പാറക്കടവും ചെന്നിത്തലയും വേട്ടയാടപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ‘ഉസ്മാന്‍ ഉസ്മാന്‍’ വിളിച്ചു നടക്കുന്ന രീതിയിൽ പ്രതിപക്ഷ നേതാവ് ട്രോളുകളില്‍ നിറഞ്ഞു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു അത്. ആ നേരം ഉസ്മാന്‍ കരിപ്പൂരില്‍ വിമാനമിറങ്ങി കാര്‍മാര്‍ഗം നാദാപുരത്തിനടുത്ത പാറക്കടവിലെ വീട്ടില്‍ മകളുമായി എത്തിയിരുന്നു.
ചെന്നിത്തല ഡല്‍ഹിയില്‍ നിന്നുള്ള മടക്കത്തില്‍ പൊന്നാനിക്കടുത്ത് കെപിസിസി സെക്രടറി അജയ്മോഹന്റെ അമ്മയുടെ മരണവീട് സന്ദര്‍ശിച്ച ശേഷം കോഴിക്കോട്ട് തങ്ങുമെന്ന് അറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ വേണ്ടി തന്നെ ഉസ്മാൻ കോഴിക്കോട്ട് വരികയായിരുന്നു.
‘ഞാന്‍ കാരണം ഏറെ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന നേതാവിനെ അതിന് ശേഷം ഇപ്പോഴാണ് കണ്ടത്. ഒന്നാം തരംഗത്തില്‍ സമ്പൂർണ്ണ ലോക്‌ഡൗണ്‍ ആയതിനാല്‍ തിരുവനന്തപുരം പോയി കാണാന്‍ പറ്റിയില്ല. രണ്ടാമത് നാട്ടില്‍ വന്നത് നിയമസഭ തെരഞ്ഞെടുപ്പ് കാലത്തായതിനാലും സാധിച്ചിരുന്നില്ല. ഫോണില്‍ മാത്രമായിരുന്നു ബന്ധം.
സ്വതസിദ്ധ ചിരിയോടെ അഭിവാദ്യം ചെയ്ത അദ്ദേഹം ഖത്വറിലേയും നാട്ടിലേയും വിശേഷങ്ങള്‍ തിരക്കി. ഇപ്പോഴും ഉസ്മാന്‍ ചേര്‍ത്തുള്ള വിളി അദ്ദേഹം നേരിടുന്നതില്‍ സങ്കടമുണ്ട്. ധാര്‍മികത തീണ്ടാത്തവരെയോര്‍ത്ത് സഹതപിക്കുകയല്ലാതെ എന്തുചെയ്യാന്‍ ?’ – തലശേരി ബ്രണ്ണന്‍ കോളജ് യൂനിറ്റ് കെ എസ് യു എക്സിക്യൂട്ടീവ് അംഗമായിരുന്ന ഉസ്മാന്‍ പറഞ്ഞു.