ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ നാല് എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തിൽ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ ബൈക്കുകളിൽ പൊലീസ് രക്തക്കറ കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവർത്തിച്ച് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു.
വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളക്കിണർ സ്വദേശിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.
കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന് 20 വെട്ടേറ്റതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആക്രമണത്തിൽ ചൂണ്ട് മുറിഞ്ഞ് മാറിയെന്നും കീഴ്താടി തകർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിൽ ആഴത്തിൽ മുറവേറ്റിട്ടുണ്ട്. തലയോട്ടി തകർന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിനും വെട്ടേറ്റത്. രഞ്ജിത്തിന്റെ കൊലപാതകത്തിന് തലേന്ന് രാത്രിയാണ് എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.