പത്തനംതിട്ട: സ്‌നേഹബന്ധത്തിലായ പതിനാറുകാരിയെ പല ബസുകളില്‍ കയറ്റി കൊണ്ടു പോയി പലയിടങ്ങളില്‍ സഞ്ചരിച്ച് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടിയ 22 കാരനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു.കോന്നി താഴം അട്ടച്ചാക്കല്‍ ചാലുംകരോട്ട് എസ്.എസ് അനന്തു സായ് (22)ആണ് പിടിയിലായത്.
12 ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുട്ടിയേയും കൂട്ടി പത്തനാപുരം മരുതിമൂട് പള്ളിയിലും മറ്റും പോയിട്ട് തിരികെ പത്തനംതിട്ടയില്‍ നിന്നും അട്ടച്ചാക്കല്‍ വഴി കോന്നിയിലേക്ക് വരുന്ന ബസില്‍ അട്ടച്ചക്കലില്‍ ഇറങ്ങി. തുടര്‍ന്ന് കോന്നിയില്‍ നിന്നും വീട്ടിലേക്കു പോകാന്‍ കയറിയ ബസില്‍ കുട്ടിയുടെ അമ്മ ഇരുവരെയും കണ്ടു. പിന്നീട് കുട്ടിയുടെ അമ്മ കുട്ടിയേയും കൂട്ടി സ്റ്റേഷനില്‍ എത്തി വിവരം പറയുകയായിരുന്നു. പെണ്‍കുട്ടിയുടെ വിശദമായ മൊഴിയില്‍ യുവാവിനെതിരെ കേസെടുത്തു, അന്വേഷണം ആരംഭിച്ചു.
ശിശു ക്ഷേമ സമിതിക്ക് ഉള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ അയക്കുകയും, പ്രാഥമിക നടപടികള്‍ കൈക്കൊള്ളുകയും ചെയ്തശേഷം, കുട്ടിയെ കോഴഞ്ചേരി സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റി. തുടര്‍ന്ന് പ്രതിക്കായി നടത്തിയ അന്വേഷണത്തില്‍ അട്ടച്ചാക്കലിലെ വീടിനു സമീപത്തു നിന്ന് പിടികൂടി. വൈദ്യ പരിശോധനയ്ക്കുശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. യുവാവിന്റെ ഫോട്ടോ പെണ്‍കുട്ടിക്ക് ഫോണിലൂടെ കൈമാറി കാട്ടി തിരിച്ചറിഞ്ഞ ശേഷം ഇന്ന് രാവിലെ ഏഴരയോടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.