പത്തനംതിട്ട: 95 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. വടശ്ശേരിക്കര സ്വദേശിയായ ജോസ് എന്നറിയപ്പെടുന്ന പത്രോസ് ജോണ്‍ (64) ആണ് പിടിയിലായത്.പെരുനാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടില്‍ വയോധിക തനിച്ചുള്ള സമയം നേരത്തെ മനസിലാക്കിയാണ് ഇയാള്‍ അതിക്രമം നടത്തിയത്. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാനായി ഇയാള്‍ വയോധികയുടെ വായില്‍ തുണി തിരുകി കയറ്റി. അതിന് ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ പ്രതിരോധത്തിനിടെയില് വായില്‍ തിരുകിയ തുണി വലിച്ചൂരിയ വയോധിക നിലവിളിക്കാൻ തുടങ്ങി. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുന്നതിന് മുൻപ് അക്രമി കടന്നുകളയുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. വയോധികയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വൈകാതെ അക്രമിയെ അറസ്റ്റ് ചെയ്തു.

