ആധാറുമായി ബയോമെട്രിക് സംവിധാനത്തിലൂടെ ബന്ധിപ്പിക്കാനാവാത്ത 3 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ നടപടി ഗുരുതരമാണെന്ന് സുപ്രിംകോടതി. റദ്ദാക്കപ്പെട്ടവരില്‍ നിരവധി ഗോത്രവര്‍ഗജനങ്ങളും ദരിദ്രരും ഉള്‍പ്പെടുന്നു.
കോയ്‌ലി ദേവി മുതിര്‍ന്ന അഭിഭാഷകനായ കോളിന്‍ ഗോന്‍സാല്‍വ്‌സ് വഴി ഫയല്‍ചെയ്ത കേസിലാണ് സുപ്രിംകോടതിയുടെ ചീഫ് ജസ്റ്റിസ് ബോബ്ദെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്തയച്ചത്. രാജ്യത്ത് പട്ടിണി മരണങ്ങള്‍ക്ക് ഒരു കാരണം ഇതാണെന്ന് ഹരജിക്കാരന്‍ വാദിച്ചു.
ആധാറുമായി ബന്ധിപ്പിക്കാത്ത ഏകദേശം നാല് കോടി കാര്‍ഡുകളാണ് രാജ്യത്ത് റദ്ദാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. കാര്‍ഡുകള്‍ വ്യാജമായതുകൊണ്ട് ഒഴിവാക്കിയെന്നാണ് കേന്ദ്രം ഇത്രകാലവും വാദിച്ചിരുന്നത്. എന്നാല്‍ സാങ്കേതികപ്രശ്‌നങ്ങള്‍, ആധാര്‍ കാര്‍ഡ് ഇല്ലാതിരിക്കല്‍, കണ്ണ് പരിശോധിച്ച് തിരിച്ചറിയല്‍ സാധ്യമാവാതിരിക്കുക, ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കാതിരിക്കുക തുടങ്ങി നിരവധി കാരണങ്ങളാണ് വലിയ തോതില്‍ കാര്‍ഡ് റദ്ദാക്കുന്നതിലേക്ക് നയിച്ചത്.
മുന്‍കൂട്ടി അറിയിക്കാതെ 2-4 കോടി കാര്‍ഡുകള്‍ റദ്ദാക്കിയെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ചതെന്ന് അഭിഭാഷകന്‍ ഗോന്‍സാല്‍വ്‌സ് പറഞ്ഞു. ആധാര്‍ ഇല്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡ് നിഷേധിക്കാന്‍ പാടില്ലെന്നാണ് ഭക്ഷ്യാവകാശ നിയമം പറയുന്നത്.