കോവിഡ് വാക്‌സിൻ വിതരണത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കണം

By: ഡോ: അബ്ദുൽ ഹമീദ്*

മലപ്പുറം ജില്ലാ കോവിഡ് മരണത്തിലും ബാധിച്ചവരുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി അനുപാതത്തിലും ഏറ്റവും ഉയർന്ന് നിൽക്കുന്നത് കൊണ്ട് ജില്ലയിൽ മാത്രം സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ  നടപ്പാക്കിയിരിക്കുകയാണല്ലോ.  പോലീസ് കടുത്ത നടപടികളിലൂടെ ജനങ്ങളെ നിയന്ത്രിച്ചാൽ മാത്രം ജില്ലയിലെ കോവിഡ് വ്യാപനവും മരണവും തടയാൻ കഴിയില്ല എന്നാണ് വാക്‌സിൻ മരുന്ന് സ്വീകരിച്ചവരുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് 53 വാക്‌സിൻ സെന്ററുകൾ അനുവദിച്ചപ്പോൾ, സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ലയായിട്ട് പോലും  മലപ്പുറം ജില്ലയിൽ വെറും 19 വാക്‌സിനേഷൻ സെൻററുകൾ  മാത്രമാണുള്ളത്. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള പത്തനംതിട്ടയിൽ പോലും 22 വാക്‌സിനേഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മലപ്പുറം ജില്ലയിൽ വളരെ കുറഞ്ഞ ശതമാനം ആളുകൾക്ക് മാത്രമേ കോവിഡ് വാക്‌സിനേഷൻ കിട്ടിയിട്ടുള്ളു.
തിരുവന്തപുരത്ത് രണ്ടു വാക്‌സിനും കിട്ടിയവർ 7.55%വും, പത്തനംതിട്ടയിൽ 10.71% വും, വയനാട്ടിൽ 9.05% വും ആണെങ്കിൽ മലപ്പുറത്ത് രണ്ടു വാക്‌സിനും കിട്ടിയവർ  വെറും 2.99% മാത്രമാണ്.  സംസ്ഥാനത്ത് ശരാശരി 5.82% ആളുകൾക്ക് രണ്ടു വാക്‌സിനും കിട്ടിയപ്പോൾ മലപ്പുറം ജില്ലയിലേക്ക് സംസ്ഥാന ശരാശരിയുടെ പകുതി മാത്രം എന്ന് കാണാം.

ഇതിനു കാരണം മലപ്പുറത്തിന് ജനസംഖ്യയുടെ ആനുപാതികമായ വാക്‌സിനേഷൻ മരുന്നുകളും, വാക്‌സിനേഷൻ സെന്ററുകളും അനുവദിക്കാത്തതാണ്. കേരളാ ഹെൽത്ത് കോവിഡ് 19 ഡെയിലി ബുള്ളറ്റിൻ കണക്ക് പ്രകാരം വാക്‌സിൻ സ്വീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ താഴെ കൊടുക്കുന്നു.(25-05-21 വരെ

ഒന്നാം ഡോസ് മരുന്ന് കുത്തിവെപ്പ് കിട്ടിയവരുടെ എണ്ണത്തിലും മലപ്പുറം ജില്ല ഏറ്റവും പിന്നിലാണെന്ന് മുകളിലെ പട്ടികയിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.   ബന്ധപ്പെട്ട ജനപ്രതിനിധികളും പഞ്ചായത്ത് ഭരണസമിതികളും ഇതര രാഷ്ട്രീയ-സാമുദായിക നേതാക്കളും ഇത്തരം അവഗണനകൾ,  ബന്ധപ്പെട്ട അധികാരികളുടെ മുന്നിൽ കൊണ്ടു വന്ന് തിരുത്താനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം മലപ്പുറം ജില്ലയിലെ ജനങ്ങളുടെ കോവിഡ് ദുരന്തം അതിരൂക്ഷമായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

ആരോഗ്യ രംഗത്ത് മാത്രമല്ല ഭരണകൂട സംവിധാനങ്ങൾ മൊത്തത്തിൽ വളരെ പിറകിൽ നിൽക്കുന്ന ജില്ലയാണ് മലപ്പുറം. മരുന്ന് വിതരണത്തിലെ അസമത്വങ്ങൾ പരിഹരിക്കാതെ, ആരോഗ്യ സംവിധാനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും താളം തെറ്റിയത് പോലീസ് മുറ ഉപയോഗിച്ചും, ലോക്ക് ഡൗൺ നടപ്പാക്കിയും പരിഹരിക്കാൻ കഴിയുകയില്ല.

ജില്ലയിലേക്ക് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്തും കൂടുതൽ വാക്‌സിനേഷൻ സെൻററുകൾ സ്ഥാപിച്ചും ജില്ലയിലെ ആരോഗ്യ രംഗത്തെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണകൂടം നടപടികൾ സ്വീകരിക്കണമെന്നഭ്യർത്ഥിക്കുന്നു.  ഇല്ലെങ്കിൽ വലിയൊരു ദുരന്തമായിരിക്കും മലപ്പുറം ജില്ലയെ കാത്തിരിക്കുന്നത്.

* ലേഖകൻ ഡോ: അബ്ദുൽ ഹമീദ് വിവിധ എം ഇ എസ് കോളേജുകളിൽ അധ്യാപകനും പ്രിൻസിപ്പലും ആയിരുന്നു. സാമൂഹ്യ വിദ്യാഭാസ മേഖലകളിൽ സജീവമാണ്.

spot_img

Related Articles

Latest news