തിരുവനന്തപുരം: രണ്ടാം ഡോസുകാര്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിന് മുന്‍കൂര്‍ രജിസ്ട്രേഷന് ഒഴിവാക്കുകയും വിതരണകേന്ദ്രങ്ങളില്‍ മുന്‍ഗണന നല്‍കുകയും ചെയ്തെങ്കിലും വാക്സിന് സ്റ്റോക്കില്ലാത്തതിനാല്‍ വിതരണം ഇഴയുന്നു.
പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ഒരാഴ്ചയിലേക്കെത്തുമ്പോഴും ആരോഗ്യപ്രവര്‍ത്തകരിലെ രണ്ടാം ഡോസ് വാക്സിന് വിതരണം രണ്ട് ശതമാനം മാത്രമാണ് വര്‍ധിച്ചത്. ഇതടക്കം 76 ശതമാനമാണ് ഈ വിഭാഗത്തിലെ രണ്ടാം ഡോസ് നില. ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടാം ഡോസ് സ്വീകരിച്ചത് വയനാട്ടിലാണ്, 87 ശതമാനം. കുറവ് മലപ്പുറത്തും, 66 ശതമാനം.
മുതിര്‍ന്ന പൗരന്മാരിലെ രണ്ടാം ഡോസ് വിതരണം 25 ശതമാനം മാത്രമാണ്. പുതിയ രജിസ്ട്രേഷനുകള്‍ക്ക് നാമമാത്രമായ സ്ലോട്ടുകളാണ് ഓരോ ജില്ലയിലുമുള്ളത്. സ്റ്റോക്ക് കുറയുന്ന സാഹചര്യത്തില്‍ രജിസ്ട്രേഷനടക്കം കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് 18 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള കോവിഡ് വാക്സിന് രജിസ്ട്രേഷന് നിര്‍ത്തിവെച്ചു. വാക്സിന് ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ 45ന് മുകളിലുള്ളവര്‍ക്ക് മാത്രമായി കോവിന്‍ പോര്‍ട്ടലിലെ ഷെഡ്യൂളുകള്‍ നിയന്ത്രിക്കാനാണ് തീരുമാനം.
ഏപ്രില്‍ 28 മുതല്‍ രജിസ്ട്രേഷന് തുടങ്ങിയതായി അറിയിപ്പ് ലഭിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ മൂലം പോര്‍ട്ടലിലേക്ക് കടക്കാനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പോര്‍ട്ടലില്‍ പ്രവേശിക്കാനും ഷെഡ്യൂളുകള്‍ കാണാനും കഴിയുന്നുണ്ടെങ്കിലും ഷെഡ്യൂള്‍ ചെയ്യേണ്ട ഭാഗത്ത് ചുമന്ന അക്ഷരങ്ങളില്‍ ’45 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമെന്ന്’ രേഖപ്പെടുത്തിയിരിക്കുകയാണ്.
വയസ്സ് നല്‍കിയാണ് രജിസ്ട്രേഷനെന്നതിനാല് നിര്‍ദിഷ്ട പ്രായപരിധിയിലല്ലാത്തവര് പ്രവേശിച്ചാല്‍ തുടര്‍ നടപടികള്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാറില്‍നിന്ന് വാക്സിന് ലഭ്യത ഉറപ്പുവരുത്തിയശേഷം മാത്രം ഈ വിഭാഗത്തിനുള്ള രജിസ്ട്രേഷന് ആരംഭിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.
കേന്ദ്രത്തോട് കൂടുതല്‍ ഡോസ് ആവശ്യപ്പെട്ടെങ്കിലും മറുപടി പോലും ലഭിച്ചിട്ടില്ല. സ്വന്തമായി വാക്സിന് വാങ്ങാനുള്ള ശ്രമം കമ്പനികള്‍ അനുകൂല നിലപാട് സ്വീകരിക്കാതായതോടെ അനിശ്ചിതത്വത്തിലുമാണ്. ഈ സാഹചര്യത്തിലാണ് വാക്സിനേഷനില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം. വാക്സിന് ക്ഷാമം തുടര്‍ന്നാല്‍ ഒന്നാം ഡോസുകാര്ക്കുള്ള പുതിയ രജിസ്ട്രേഷന് നിര്‍ത്തിവെക്കാനും ആലോചനയുണ്ട്.