ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാനത്ത് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ ടി.പി.ആർ നിരക്കിന് അനുസരിച്ച് നിയന്ത്രണങ്ങൾ ക്രമീകരിച്ച് ജില്ലാകലക്ടർ സാംബശിവ റാവു ഉത്തരവിറക്കി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തിൽ നാല് കാറ്റഗറിയായി തരംതിരിച്ചാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ എർപ്പെടുത്തിയിരിക്കുന്നത്. എ, ബി, സി, ഡി
എന്നിങ്ങനെയാണ് കാറ്റഗറികൾ. എ വിഭാഗത്തിൽ എട്ട് ശതമാനത്തിൽ താഴെ ശരാശരി ടി.പി.ആർ ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ഉൾപ്പെടുത്തിയത്. എട്ടു മുതൽ 19 ശതമാനം വരെ ടി.പി.ആർ ഉള്ളവ ബി വിഭാഗത്തിലും 20 മുതൽ 29 ശതമാനം വരെ ടി.പി.ആർ ഉള്ളവ സി വിഭാഗത്തിലും 30 ന് മുകളിൽ ടി.പി.ആർ ഉള്ളവയെ ഡി വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പുറമേരി, കുറ്റ്യാടി, വാണിമേൽ, കൂരാച്ചുണ്ട്, മരുതോങ്കര, വേളം, കായണ്ണ, തലക്കുളത്തൂർ, കുന്നുമ്മൽ, നടുവണ്ണൂർ, കൂത്താളി, തിരുവള്ളൂർ, മേപ്പയ്യൂർ, പേരാമ്പ്ര, നരിപ്പറ്റ, കീഴരിയൂർ, ബാലുശ്ശേരി, വില്ല്യാപ്പള്ളി, കാവിലുംപാറ, കിഴക്കോത്ത്, നന്മണ്ട, ആയഞ്ചേരി, അത്തോളി, കൂടരഞ്ഞി, നൊച്ചാട്, എടച്ചേരി, ചെക്യാട്, പഞ്ചായത്തുകളാണ് എ വിഭാഗത്തിൽ ഉൾപ്പെടുന്നവ.
കുന്ദമംഗലം, ഒളവണ്ണ, മണിയൂർ, പുതുപ്പാടി, കാക്കൂർ, ഏറാമല, താമരശ്ശേരി, പെരുമണ്ണ, മാവൂർ, കടലുണ്ടി, ചോറോട്, നരിക്കുനി, കക്കോടി, കൊടിയത്തൂർ, തൂണേരി, ചാത്തമംഗലം, അഴിയൂർ, മടവൂർ, വളയം, ചെറുവണ്ണൂർ, ഒഞ്ചിയം, തിരുവമ്പാടി, കട്ടിപ്പാറ, കുരുവട്ടൂർ, ചേളന്നൂർ, നാദാപുരം, ചേമഞ്ചേരി, തുറയൂർ, തിക്കോടി, അരിക്കുളം, ചെങ്ങോട്ടുകാവ്, കോടഞ്ചേരി, കായക്കൊടി, കൊടുവള്ളി, മൂടാടി, ഓമശ്ശേരി, കോട്ടൂർ, പനങ്ങാട്, ഉള്ള്യേരി, ഉണ്ണികുളം ഗ്രാമപഞ്ചായത്തുകളും കോഴിക്കോട് നഗരസഭ, കൊയിലാണ്ടി, ഫറോക്ക്, പയ്യോളി, വടകര, രാമനാട്ടുകര, മുക്കം മുനിസിപ്പാലിറ്റികളുമാണ് ബി വിഭാഗത്തിൽ ഉൾപ്പെടുന്നവ. പെരുവയൽ, കാരശ്ശേരി ഗ്രാമപഞ്ചായത്തുകളാണ് സി വിഭാഗത്തിൽ ഉൾപ്പെടുന്നവ. നിലവിൽ ജില്ലയിൽ ഡി വിഭാഗത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇല്ല.
എ വിഭാഗത്തിൽ ഉൾപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിൽ എല്ലാ വിധ സ്ഥാപനങ്ങളും റൊട്ടേഷൻ അടിസ്ഥാനത്തിൽ 25% ജീവനക്കാരെ വെച്ച് പ്രവർത്തനം നടത്താവുന്നതാണ്. ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാവിധത്തിലുള്ള കടകളും അക്ഷയ കേന്ദ്രങ്ങൾ ഉൾപ്പെടെ രാവില ഏഴ് മണി മുതൽ വൈകിട്ട് ഏഴ്മ ണിവരെ 50% ജീവനക്കാരെ വെച്ച് തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. ടാക്സി, ഓട്ടോറിക്ഷ വാഹനങ്ങൾക്ക് സർവ്വീസ് നടത്താം. ടാക്സികളിൽ
(ഡ്രൈവർ അടക്കം) നാല് പേരെയും ഓട്ടോറിക്ഷകളിൽ മൂന്ന് (ഡ്രൈവർ അടക്കം) പേരെയും യാത്രക്ക് അനുവദിക്കും. ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളിൽനിന്നും ബാറുകളിൽനിന്നും മദ്യം പാർസലായി വാങ്ങാവുന്നതാണ്. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈൽ ആപ്പ് ഉപയോഗിക്കണം. ശാരീരിക അകലം പാലിച്ച് തുറസ്സായ സ്ഥലങ്ങളിൽ കായിക വിനോദങ്ങൾക്ക് അനുമതിയുണ്ട്. പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താം. ഹോട്ടലുകളിലും റസ്റ്റാേന്റുകളിലും രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ഏഴ് വരെ പാർസൽ സംവിധാനം നടപ്പിലാക്കാവുന്നതും രാത്രി 9.30 മണിവരെ ഹോം ഡെലിവറി നടത്താവുന്നതുമാണ്. വീട്ടുജോലികൾക്കുള്ള തൊഴിലാളികൾക്ക് യാത്രകൾ അനുവദനീയമാണ്.
ബി വിഭാഗത്തിലുള്ള എല്ലാവിധ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളും റൊട്ടേഷൻ അടിസ്ഥാനത്തിൽ 25% ജീവനക്കാരുമായി പ്രവർത്തിക്കാം. ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക്ഫ്രം ഹോം നടപ്പാക്കാവുന്നതാണ്. അവശ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന എല്ലാ കടകളും രാവിലെ എഴ് മണിമുതൽ വൈകിട്ട് ഏഴ് മണി വരെ 50% ജീവനക്കാരെ വെച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. മറ്റ് വാണിജ്യസ്ഥാപനങ്ങൾ 50% ജിവനക്കാരുമായി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. അക്ഷയകേന്ദ്രങ്ങൾ എല്ലാദിവസവും രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 50% ജീവനക്കാരെ വെച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ് . ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളിൽനിന്നും ബാറുകളിൽനിന്നും മദ്യം പാർസലായി വാങ്ങാവുന്നതാണ്. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈൽ ആപ്പ് ഉപയോഗിക്കേണ്ടതാണ്. ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ നടത്താവുന്നതാണ്. പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താവുന്നതാണ്. ഹോട്ടലുകളിലും റസ്റ്റാേന്റുകളിലും ഏഴ് മണിമുതൽ വൈകിട്ട് ഏഴ് മണിവരെ പാർസൽ സംവിധാനം അനുവദിക്കും. വീട്ടുജോലികൾക്കുള്ള തൊഴിലാളികൾക്ക് യാത്രകൾ അനുവദനീയമാണ്
സി വിഭാഗത്തിലുള്ള ഇടങ്ങളിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് എഴ് മണിവരെ മാത്രം തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. വിവാഹ പാർട്ടികൾക്കായി ടെക്സ്റ്റൈൽസ്, ജ്വല്ലറി, ചെരുപ്പ് കടകൾ
തുടങ്ങിയവയും വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകൾ വിൽപ്പന നടത്തുന്ന കടകളും അവശ്യ ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും റിപ്പയർ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കടകളും എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണി വരെ പാർസൽ, ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാവുന്നതാണ്.
ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ രാവിലെ എഴ് മണിമുതൽ വൈകിട്ട് എഴ് മണിവരെ മാത്രം തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കും.
ഈ നിയന്ത്രണങ്ങൾക്ക് പുറമെ ഇനിയൊരു സർക്കാർ ഉത്തരവ് ഉണ്ടാവുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിൽപ്പനകേന്ദ്രങ്ങൾ മാത്രം ഈ ദിവസങ്ങളിൽ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.