ചാനല്‍ചര്‍ച്ചയിലെ മതവിദ്വേഷ പരമാര്‍ശം; പി സി ജോര്‍ജ്ജ് ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങി

ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജ് കോടതിയില്‍ കീഴടങ്ങി.ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അറസ്റ്റിന് പൊലീസ് നീക്കം നടത്തിയിരുന്നു.

ഈരാറ്റുപേട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പി സി ജോര്‍ജ് കീഴടങ്ങിയത്. ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തെ തുടര്‍ന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് പി സി ജോര്‍ജ് ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയത്. അദ്ദേഹത്തിനൊപ്പം ബി ജെ പി നേതാക്കളുമുണ്ടായിരുന്നു.

വിദ്വേഷപരാമർശങ്ങള്‍ ആവർത്തിക്കുന്ന ജോർജിന് ജാമ്യം നല്‍കാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ കോട്ടയം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ജനുവരി ആറിന് നടന്ന ചാനല്‍ ചർച്ചയിലെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട് പി സി ജോർജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുക്കുകയായിരുന്നു. യൂത്ത് ലീഗിന്റെ പരാതിയിലാണ് മതസ്‌പർധ വളർത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചേർത്ത്‌ കേസെടുത്തത്‌. രാജ്യത്തെ മുസ്ലിങ്ങള്‍ മുഴുവൻ വർഗീയവാദികളാണെന്നും പാകിസ്ഥാനിലേക്ക്‌ പോകണമെന്നുമാണ് ജോർജ് ചർച്ചയില്‍ പറഞ്ഞത്. ഈരാറ്റുപേട്ടയില്‍ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും ആരോപിച്ചിരുന്നു.

നേരത്തെ തിരുവനന്തപുരം ഫോർട്ട്‌ സ്‌റ്റേഷനിലും പാലാരിവട്ടം സ്‌റ്റേഷനിലുമുള്ള സമാന കേസുകളില്‍ ഹൈക്കോടതിയില്‍ നിന്ന്‌ ജോർജ് ജാമ്യമെടുത്തിരുന്നു. ഇത്തരം പ്രസ്‌താവനകള്‍ ആവർത്തിക്കരുതെന്ന്‌ ജാമ്യംനേടിയപ്പോള്‍ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഇതിനുശേഷമാണ്‌ വീണ്ടും വിദ്വേഷ പരാമർശം. ഇതാണ് പുതിയ കേസില്‍ ജോർജിന് കുരുക്ക് മുറുകാൻ കാരണമായത്.

spot_img

Related Articles

Latest news