ബുള്ളറ്റിന് ഒരു മണിക്കൂറിന് 192 രൂപ
കൊച്ചി• തിരൂരിൽ നിന്ന് എറണാകുളം വരെ ട്രെയിനിൽ പോയി അവിടെ നിന്നു ബൈക്ക് വാടകയ്ക്കെടുത്തു ഫോർട്ട് കൊച്ചിയിലും ചെറായി ബീച്ചിലുമൊക്കെ കറങ്ങി തിരിച്ചു വന്നാല്ലോ. അതിനുള്ള അവസരമൊരുക്കുകയാണു റെയിൽവേ സ്റ്റേഷനുകളിൽ പുതിയതായി ആരംഭിക്കുന്ന റെന്റ് ഐ ബൈക്ക് സംരംഭം.
തിരുവനന്തപുരം ഡിവിഷനിലെ 15 റെയിൽവേ സ്റ്റേഷനുകളിലാണു സംവിധാനം വരുന്നത്. ആദ്യ റെന്റ് എ ബൈക്ക് സംവിധാനം എറണാകുളം ജംക്‌ഷൻ, എറണാകുളം ടൗൺ സ്റ്റേഷനുകളിൽ പ്രവർത്തനം തുടങ്ങി. വൈകാതെ തിരുവനന്തപുരം, കൊച്ചുവേളി, കഴക്കൂട്ടം, കൊല്ലം, വർക്കല, ചെങ്ങന്നൂർ, കോട്ടയം, തൃപ്പൂണിത്തുറ, ആലപ്പുഴ, ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂർ റെയിൽവേ സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കും.
വിനോദ സഞ്ചാര കേന്ദ്രങ്ങളും പ്രധാന പട്ടണങ്ങളും കേന്ദ്രീകരിച്ചാണു ഇപ്പോൾ റെന്റ് എ ബൈക്ക് ആരംഭിച്ചിരിക്കുന്നതെന്നു റെയിൽവേ കൊമേഴ്സ്യൽ വിഭാഗം അറിയിച്ചു. ചാലക്കുടിയിൽ നിന്നു ബുള്ളറ്റ് വാടകയ്ക്കെടുത്തു മലക്കപ്പാറയിലും വാൽപാറയയിലും , ആലുവയിൽ നിന്നു ബൈക്കിൽ മൂന്നാറിലുമൊക്കെ പോകാം. മോട്ടോർ ബൈക്കുകൾ കൂടാതെ സ്കൂട്ടറുകളും വാടകയ്ക്കു ലഭിക്കും. നിശ്ചിത തുക സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകേണ്ടതില്ല. സമയവും ദൂരവും കണക്കിലെടുത്താണു നിരക്കുകൾ.
നികുതിയുൾപ്പെടെ ബുള്ളറ്റിനു ഒരു മണിക്കൂറിനു (10 കിമീ) 192 രൂപയാണു നിരക്ക്. 10 കിലോമീറ്റർ കഴിഞ്ഞാൽ ഓരോ കിലോമീറ്ററിനു 5 രൂപ വീതം നൽകണം. 2 മണിക്കൂറിനു 230, 3 മണിക്കൂറിനു 358 എന്നിങ്ങനെയാണു നിരക്കുകൾ. സ്കൂട്ടറുകൾക്കു ഒരു മണിക്കൂറിനു 128 രൂപയാണു വാടക, 2 മണിക്കൂറിനു 192, 3 മണിക്കൂറിന് 256 എന്നിങ്ങനെ കൂടിക്കൊണ്ടിരിക്കും.
മാസ വാടകയ്ക്കും വാഹനം ലഭിക്കും. ദിവസം കൂടുന്നതിന് അനുസരിച്ച് നിരക്കു കുറയും. റൈഡറിനു ഹെൽമറ്റ് ഫ്രീയാണ്, സഹയാത്രക്കാരനു വാടകയ്ക്കു ഹെൽമറ്റ് ലഭിക്കും. വഴിയിൽ വാഹനം തകരാറിലായാൽ വേണ്ട സഹായവും ആവശ്യമെങ്കിൽ പകരം വാഹനവും എത്തിച്ചു നൽകും.
ആധാർ കാർഡ്, ലൈസൻസ് എന്നിവ ഹാജരാക്കി വാഹനങ്ങൾ വാടകയ്ക്ക് എടുക്കാം.www.caferides.com എന്ന വെബ്സൈറ്റ് വഴി ഈ രേഖകൾ അപ്‌ലോഡ് ചെയ്തു മുൻകൂട്ടി ബൈക്കുകൾ ബുക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.
റെന്റ് എ കാർ സ്കീം നേരത്തെ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് മൂലം ട്രെയിൻ സർവീസുകൾ ഇടക്കാലത്ത് നിർത്തി വച്ചതോടെ പദ്ധതി നിലച്ചിരുന്നു. അതും വൈകാതെ റെയിൽവേ പുനരാരംഭിക്കും.
റെന്റ് എ ബൈക്ക് പദ്ധതി നടപ്പാക്കാനുള്ള കരാർ ഇവിഎമ്മാണു നേടിയിരിക്കുന്നത്. 5 വർഷത്തേക്കാണു കരാർ. സ്റ്റാർട്ടപ് സംരംഭമായ കഫേറൈഡ്സിനെ ഇവിഎം നേരത്തെ ഏറ്റെടുത്തിരുന്നു. തണ്ടർബേഡ്, ക്ലാസിക്, സ്റ്റാൻഡേർഡ് 500, ആക്ടീവ എന്നിവയാണു ഇപ്പോൾ സ്റ്റേഷനുകളിൽ വാടകയ്ക്കു ലഭിക്കുകയെന്നു ഇവിഎം ഡെപ്യൂട്ടി ജനറൽ മാനേജർ രാകേഷ് പറഞ്ഞു.
വൈകാതെ ഇലക്ട്രിക് സ്കൂട്ടറുകളും ലഭ്യമാക്കും. മൊബൈൽ ആപ്പും വൈകാതെ പുറത്തിറക്കും.തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ആരംഭിച്ച പദ്ധതി വൈകാതെ പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകളിലും നടപ്പാക്കും.
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിലെ ബിസിനസ് ഡവലപ്മെന്റ് യൂണിറ്റാണു പദ്ധതി നടപ്പാക്കുന്നത്. ലൈസൻസ് ഫീ ഇനത്തിൽ റെയിൽവേയ്ക്കു പ്രതിവർഷം 10 ലക്ഷം രൂപയുടെ അധിക വരുമാനം ലഭിക്കും.
Mediawings: