വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.വയനാട് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റിയ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാണ് എക്സൈസിന്‍റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. കണ്ടെത്തിയതില്‍ വ്യാജമദ്യമുണ്ടെന്നും മറ്റാരെങ്കിലും പിന്നില്‍ ഉണ്ടോ എന്ന് കണ്ടെത്തണമെന്നും എക്സൈസ് ആവശ്യപ്പെട്ടിരുന്നു. പ്രതി സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ സ്വതന്ത്ര അന്വേഷണം തടസപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയെന്നും എക്സൈസ് വ്യക്തമാക്കി. പ്രതി ഒളിവില്‍ പോയേക്കുമെന്നും തെളിവ് നശിപ്പിച്ചേക്കുമെന്നും എക്സൈസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്.
കൊച്ചിയിലെ ഓഫീസില്‍ നിന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത ആന്റോയെ, മീനങ്ങാടി എക്സൈസ് ഓഫീസില്‍ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ഒന്നര മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി റിമാൻഡ് നടപടികളിലേക്ക് കടന്നത്. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും പുറത്തിറങ്ങിയപ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാൻ ആന്റോ തയ്യാറായില്ല.
വയനാട് വാഴവറ്റയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യശേഖരം എക്സൈസ് കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത മദ്യശേഖരത്തില്‍ 12.75 ലിറ്റർ വ്യാജമദ്യമുണ്ടെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍. ഈ കേസിന്റെ തുടർച്ചയായാണ് കൊച്ചിയിലെത്തി എക്സൈസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

