ന്യൂഡല്‍ഹി: നാളെ നടക്കുന്ന 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. റിപ്പബ്ലിക് ദിന പരേഡിനായുള്ള എല്ലാ സജ്ജീകരണങ്ങളും ദില്ലിയിലെ കര്‍ത്തവ്യപഥില്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച്ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകള്‍ നടക്കുക.
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പത്മാപുരസ്കാരങ്ങളും സൈനിക പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ഡല്‍ഹി. ആഘോഷങ്ങളുടെ ഭാഗമായി പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ മുഖ്യാതിഥികളായ യൂറോപ്യന്‍ യൂണിയന് നേതാക്കളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.
യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെയര്‍ ലെയന് ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ഇന്ന് ഉച്ചകഴിഞ്ഞ് എത്തും. നാളെ റിപ്പബ്ലിക് ദിന പരേഡില്‍ ഇരുവരും മുഖ്യാതിഥികളായി പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച നടക്കും. ഇന്ത്യ യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചയ്ക്കുശേഷം അംഗീകരിക്കും.

