കൊച്ചി: കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്പോര്‍ട്ടല്‍ rera.kerala.gov.in തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. റെറയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിര്‍മാണ പുരോഗതിയും ഇനി മുതല്‍ ഈ വെബ്പോര്‍ട്ടല്‍ വഴി അറിയാം. രജിസ്റ്റര്‍ ചെയ്ത പദ്ധതികളുടേയും ഭൂമിയുടെയും രേഖകളും നിയമപ്രകാരമുള്ള അനുമതികളുമെല്ലാം പോര്‍ട്ടലിലൂടെ ലഭ്യമാകും.
ഓരോ മൂന്ന് മാസം കൂടുമ്ബോഴും പദ്ധതിയുടെ നിര്‍മാണ പുരോഗതി ഡെവലപ്പര്‍മാര്‍ പോര്‍ട്ടലില്‍ ലഭ്യമാക്കണം. വീഴ്ച വരുത്തിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവരുടെ പേരടക്കമുള്ള വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ഇത് പദ്ധതികളുടേയും റിയല്‍ എസ്റ്റേറ്റ് കമ്ബനികളുടേയും സല്‍പേരിനെ ബാധിക്കുമെന്നതിനാല്‍ പോര്‍ട്ടല്‍ വഴി കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കമ്ബനികള്‍ നിര്‍ബന്ധിതരാകും.
ഫ്ളാറ്റുകളും വില്ലകളും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അഡ്വാന്‍സ് നല്‍കിയവര്‍ക്കും വായ്പ നല്‍കുന്ന ബാങ്കുകള്‍ക്കും എല്ലാം ഏറെ ഉപകാരപ്രദമായ ഒന്നായി വെബ് പോര്‍ട്ടല്‍ മാറുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു.
ഏതെങ്കിലും പദ്ധതിയെപ്പറ്റി അറിയാനാഗ്രഹിക്കുന്നവര്‍ക്ക് വളരെ ലളിതമായ തെരച്ചിലിലൂടെത്തന്നെ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകും. ഡെവലപ്പര്‍മാരുടെ ഇതുവരെയുള്ള പ്രവര്‍ത്തനചരിത്രവും അവര്‍ക്കെതിരെ എന്തെങ്കിലും നിയമനടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളുമെല്ലാം പോര്‍ട്ടലില്‍ ലഭ്യമാകുന്നതോടെ ഉപഭോക്താക്കള്‍ ചതിക്കുഴിയില്‍ വീഴില്ല.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ കഴിയുന്നത്ര സുതാര്യത ഉറപ്പാക്കാനാണ് വെബ്പോര്‍ട്ടലിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏതെങ്കിലും ഡെവലപ്പര്‍ തെറ്റായ വിവരം നല്‍കിയതായി ശ്രദ്ധയില്‍പെട്ടാല്‍ അവര്‍ക്കെതിരെ നിയമനടപടിയുമുണ്ടാകും.