കാഞ്ഞങ്ങാട്: മൂന്നാമങ്കത്തിന് തയാറായിരിക്കുന്ന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെതിരേ സിപിഐക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് മുതിർന്ന സിപിഐ നേതാവും പാർട്ടി സംസ്ഥാന കൗൺസിൽ അംഗവുമായ ബങ്കളം പി. കുഞ്ഞിക്കൃഷ്ണന് കാഞ്ഞങ്ങാട് മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനം രാജിവച്ചു.
കൂടാതെ സിപിഐക്ക് സ്വാധീനമുള്ള മടിക്കൈ പഞ്ചായത്തിലെ രണ്ടു ലോക്കൽ കമ്മിറ്റികളിലെ മുഴുവൻ നേതാക്കളും രാജിക്കത്ത് നൽകി. രണ്ടു ലോക്കൽ സെക്രട്ടറിമാർ, 14 ബ്രാഞ്ച് സെക്രട്ടറിമാർ, പഞ്ചായത്തിൽനിന്നുള്ള മണ്ഡലം കമ്മിറ്റിയംഗങ്ങൾ എന്നിവരാണ് രാജിക്കത്ത് നൽകിയത്.
കാഞ്ഞങ്ങാട് നടന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ മടിക്കൈയിൽനിന്നുള്ള നേതാക്കളാരും പങ്കെടുത്തിരുന്നില്ല. കാഞ്ഞങ്ങാട് നിയമസഭാമണ്ഡലത്തിലെ കാഞ്ഞങ്ങാട്, പരപ്പ എന്നിങ്ങനെ രണ്ട് മണ്ഡലം കമ്മിറ്റികളാണുള്ളത്. ഇതില്‍ മിക്കവാറും അംഗങ്ങളും ചന്ദ്രശേഖരന് മത്സരിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ബങ്കളം കുഞ്ഞിക്കൃഷ്ണനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ഇത് അവഗണിച്ചാണ് സംസ്ഥാനനേതൃത്വം ചന്ദ്രശേഖരനെത്തന്നെ സ്ഥാനാർഥിയാക്കിയത്.