കൊച്ചി: എറണാകുളത്ത് കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുളള ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വാക്സിനേഷന് കേന്ദ്രങ്ങള്‍ക്കായുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പാലിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം.
എല്ലാ വാക്സിനേഷന് കേന്ദ്രങ്ങളിലും പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ മുഖേന മുന്‍കൂര്‍ അനുമതി ലഭിച്ചവര്‍ മാത്രമാണ് എത്തേണ്ടത്. മുന്‍കൂര്‍ അനുമതിയില്ലാതെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തി തിരക്കുണ്ടാക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും.
ആള്‍ക്കൂട്ടം ഉണ്ടാകാന്‍ കാരണമാകുന്ന വിധത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായാല്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു.
കണ്ടെയ്ന്മെന്റ് സോണുകളിലെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ കണ്ടെയ്ന്മെന്റ് സോണിന് പുറത്തുള്ളവര്‍ എത്തരുത്.
എല്ലാ വാക്സിനേഷന് കേന്ദ്രങ്ങളിലും അനുമതി ലഭിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം. മതപരമായ ചടങ്ങുകളും അനുഷ്ഠാനങ്ങളും വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും യോഗത്തില്‍ തീരുമാനിച്ചു. ഉയര്‍ന്ന രോഗ സ്ഥിരീകരണ നിരക്കുള്ള പഞ്ചായത്തുകളിലെ ടെലി മെഡിസിന് സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.