കണ്ണൂർ : കണ്ണൂരിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപനം വരാനിരിക്കെ പുറത്തായേക്കുന്നവരുടെ പടനീക്കം പരസ്യമാവുന്നു. സംഘപരിവാർ രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കാത്തതാണോ തന്റെ അയോഗ്യത എന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചോദിച്ചു.
പിഎസ്സി നിയമനവുമായി ബന്ധപ്പെട്ടു സെക്രട്ടറിയേറ്റിൽ നടന്ന നിരാഹാര സമരത്തിൽ ഷാൾ അണിയിക്കാൻ വന്ന പി.സി ജോർജിനെ നിരസിച്ചു മാധ്യമ ശ്രദ്ധ നേടിയിരുന്നു. സമര രംഗത്തു കോൺഗ്രസ് രാഷ്ട്രീയത്തെ ശക്തമായി പിന്തുണക്കുന്ന യുവ ശബ്ദമാണ് റിജിൽ മാക്കുറ്റി . മാക്കുറ്റിയെ ഒഴിവാക്കിയാൽ കണ്ണൂർ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം ശക്തമായിരിക്കും.
നേരത്തെ റിപ്പോർട്ടർ ചാനൽ ചർച്ചയിൽ ഗാന്ധിജിയെ വധിച്ചത് ആർ എസ് എസ് ആണെന്ന് വെല്ലുവിളിച്ച് പറഞ്ഞതിന് റിജിലിന് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നു. കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധിച്ച് റിജിൽ മാക്കുറ്റിയും സംഘവും നടുറോഡിൽ വാഹനത്തിൽ വച്ച് മാടിനെ അറുത്തത് ദേശീയ ശ്രദ്ധ പിടിച്ച് പറ്റുകയും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.