റിയാദ്: റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) 7-ാം മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത സിനിമ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ നയിച്ച മ്യൂസിക്കൽ സിംഫണി വിത്ത് മധു ബാലകൃഷ്ണൻ എന്ന സംഗീത പരിപാടി ജനപങ്കാളിത്തം കൊണ്ടും വേറിട്ട ആലാപന ശൈലി കൊണ്ടും റിയാദിലെ പൊതു സമൂഹത്തിനു നവ്യാനുഭവമായി.
മധു ബാലകൃഷ്ണൻ എന്ന അനുഗ്രഹീത ഗായകൻ രവീന്ദ്രൻ മാഷുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആയ പ്രമദവനവും, ഹരിമുരളീരവവും, ഗോപിക വസന്തവും, ഗംഗേയും, രാമകഥ ഗാനലയവും സുഖമോ ദേവിയും എല്ലാം റിയാദിൽ പെയ്തിറങ്ങിയപ്പോൾ അൽമാലി ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞവരെല്ലാം സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് പറന്നുയർന്നതു റിയാദിൽ ചരിതനിമിഷമായി മാറി.
ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ ജനങ്ങളുടെ ഹർഷാരവവും റിയാദിനു നൽകിയത് പുതിയൊരു സംഗീതാസ്വാദനം കൂടിആയിരുന്നു.മധു ബാലകൃഷ്ണനു പുറമെ നാട്ടിൽ നിന്നും വന്ന ഓർക്കേസ്ട്രയും റിയാദിലെ റിംലയുടെ ഓർക്കേസ്ട്രാ ടീമും ചേർന്ന ലൈവ് ഓർക്കേസ്ട്രാ ആയിരുന്നു പ്രോഗ്രാമിന്റെ മുഖ്യ ആകർഷണം.
വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിന് പ്രസിഡന്റ് ബാബു രാജ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പ്രവീൺ കുമാർ യോഗം ഉത്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് പ്രോഗ്രാം ഡയറക്റ്റർ സുരേഷ് ശങ്കർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. റിംല ജനറൽ സെക്രട്ടറി അൻസാർ ഷാ സ്വാഗതവും ട്രഷറർ രാജൻ മാത്തൂർ നന്ദിയും പറഞ്ഞു.
നിഷ ബിനീഷ്, ശ്യാം സുന്ദർ, ബിനീഷ് രാഘവൻ,ഗോപു ഗുരുവായൂർ,ശരത് ജോഷി,ബിനു ശങ്കരൻ, വാസുദേവൻ പിള്ളൈ, ശങ്കർ കേശവൻ, മഹേഷ് വാര്യർ,ഷാൻ ബാലൻ, പത്മിനി നായർ,സുഷമ ഷാൻ,ഷാലു അൻസാർ, പ്രശാന്ത് മാത്തൂർ,ഷജീവ് ശ്രീകൃഷ്ണപുരം തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
റിംലയിലെ അനുഗ്രഹീത ഗായകരും റിംലയുടെ മ്യൂസിഷ്യൻസും പ്രോഗ്രാമിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. അവതാരികമാരായ ഹരിത അശ്വിൻ,അക്ഷിക മഹേഷ് എന്നിവർ പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധാകേന്ദ്രമായി.