സൗദിയുടെ തലസ്ഥാന നഗരിയില്‍ പണി പൂര്‍ത്തിയായി വരുന്ന റിയാദ് മെട്രോ റെയില്‍ വൈകാതെ ഓടിത്തുടങ്ങുമെന്ന് അധികൃതര്‍. 90 ശതമാനത്തിലേറെ നിർമാണ ജോലികളും പൂർത്തിയായതായി മേയർ ഫൈസൽ ബിൻ അയ്യാഫ് രാജകുമാരൻ പറഞ്ഞു.
കഴിഞ്ഞ വർഷം അവസാനത്തോടെ മെട്രോ പ്രവർത്തിപ്പിച്ചു തുടങ്ങാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ കൊറോണ മഹാമാരി സൃഷ്ടിച്ച സാഹചര്യങ്ങൾ ഇതിനു വിലങ്ങു തടിയാവുകയായിരുന്നു.
കിംഗ് അബ്ദുല്‍ അസീസ് പബ്ലിക് ട്രാന്സ്പോര്ട്ടേഷന് പദ്ധതിയുടെ ഭാഗമായി ഇതിനകം പണി പൂര്‍ത്തിയ ലൈനുകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുക. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
2014 ൽ പണിയാരംഭിച്ച മെട്രോ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ആറ് ലൈനുകളിലായി ബന്ധിച്ച് 176 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. അമേരിക്ക, സ്പെയിന്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഭീമന് കമ്പനികളുടെ കൂട്ടായ്മയാണ് 27 ബില്യന്‍ ഡോളര്‍ പദ്ധതി ജോലികള്‍ കരാര്‍ എടുത്തിട്ടുള്ളത്.
റിയാദ് കേന്ദ്രമായി നടന്നുവരുന്ന 18 ഭീമന് പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ റിയാദിലെ ജനസംഖ്യ ഇരട്ടിയാകുമെന്നും ഫഹദ് അല്‍ റഷീദ് പറഞ്ഞു. റിയാദ് ആര്‍ട്, ഗ്രീന്‍ റിയാദ്, ഖിദ്ദിയ, ദറഇയ തുടങ്ങിയ പദ്ധതികള്‍ ഇതിന്റെ ഭാഗമാണ്. നിലവില്‍ ഏഴ് ദശലക്ഷം താമസക്കാരുള്ള റിയാദ് നഗരം ലോകത്തെ ജനസംഖ്യാടിസ്ഥാനത്തിലുള്ള 49 ആം സ്ഥാനത്തുള്ള നഗരമാണ്.
ലോകത്തെ ഏറ്റവും വലുതും സവിശേഷവുമായ പദ്ധതികളിൽ ഒന്നാണ് റിയാദ് മെട്രോ. തലസ്ഥാന നഗരിയിലെ മുഴുവൻ പ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളും മെട്രോ കവർ ചെയ്യുന്നു. ട്രെയിനുകളും സ്റ്റേഷനുകളും മാത്രമല്ല റിയാദ് മെട്രോ പദ്ധതി. പൊതുഗതാഗത വികസന പദ്ധതി, ബസ് പദ്ധതി, മെട്രോക്കു സമീപം നഗരവികസന പദ്ധതി, പൊതുഗതാഗത സ്റ്റേഷനുകൾക്കു ചുറ്റും ജനസാന്ദ്രത വർധിപ്പിക്കൽ എന്നിവ അടക്കം മറ്റു നിരവധി അനുബന്ധ പദ്ധതികളും ഇതോടൊപ്പം നടപ്പാക്കുന്നുണ്ട്.