റിയാദ്: ചരിത്രം പുനർവ്യാഖ്യാനം ചെയ്ത് ജനങ്ങളുടെ ചിന്താശേഷിയെ നിയന്ത്രിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയമാണ് ഇന്നത്തെ ഇന്ത്യയിൽ ശക്തിപ്പെടുന്നതെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ജോസഫ് അതിരുങ്കൽ പറഞ്ഞു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്ഹ സബർമതിയിൽ സംഘടിപ്പിച്ച 77-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമര ചരിത്രത്തെ ബോധപൂർവം മായ്ച്ചെഴുതുകയും, സമര സേനാനികളെ ചരിത്ര താളുകളിൽ നിന്ന് ഒഴിവാക്കുകയും, രാജ്യത്തെ ഒറ്റിക്കൊടുത്തവരെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന സമീപനം ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തകർക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബഹുസ്വര ഇന്ത്യയെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന് കീഴ്പ്പെടുത്താനുള്ള നീക്കമാണ് ഇതിലൂടെ നടപ്പാക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫാസിസം അതിന്റെ രാഷ്ട്രീയ രൂപത്തിലൂടെ ചരിത്രത്തെയും ചിന്തയെയും പുനർനിർമിക്കുകയാണെന്നും, അതിന്റെ ഫലമായി രാജ്യത്ത് അസഹിഷ്ണുതയും വിദ്വേഷ രാഷ്ട്രീയവും വർധിക്കുകയാണെന്നും ജോസഫ് അതിരുങ്കൽ പറഞ്ഞു. എഴുത്തുകാരെയും ബുദ്ധിജീവികളെയും കലാകാരന്മാരെയും ഭയപ്പെടുത്തുകയും നിശ്ശബ്ദരാക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സ്ഥിരം തന്ത്രമാണെന്നും അദ്ദേഹം വിമർശിച്ചു.
പരിപാടി ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, മതത്തിന്റെയും ജാതിയുടെയും ഭക്ഷണത്തിന്റെയും പേരിൽ മനുഷ്യരെ ഇല്ലായ്മ ചെയ്യുന്ന സാഹചര്യം ജനാധിപത്യത്തിനുള്ള ഗുരുതര ഭീഷണിയാണെന്ന് പറഞ്ഞു. അധികാരത്തിന്റെ അഴുക്കുകൾ പുറത്ത് കൊണ്ടുവരേണ്ട മാധ്യമങ്ങളെ നിയന്ത്രിച്ച് സത്യം പറയുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന പ്രവണത ശക്തമാകുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഇത്തരം നരാധിപത്യ പ്രവണതകളെ ചെറുക്കാനുള്ള ഉത്തരവാദിത്വം ഓരോ പൗരന്റെയും ചുമലിലാണെന്നും, ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് ഈ റിപ്പബ്ലിക് ദിനത്തിൽ എല്ലാവരും പ്രതിജ്ഞയെടുക്കേണ്ട സമയമാണിതെന്നും സലീം കളക്കര ആഹ്വാനം ചെയ്തു. വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം കൺവീനർ ബാലു കുട്ടൻ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ഒ.ഐ.സി.സി നേതാക്കളായ രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, ഷുക്കൂർ ആലുവ, ഷംനാദ് കരുനാഗപള്ളി, ശിഹാബ് കൊട്ടുകാട്, യഹിയ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, മാള മുഹിയുദ്ധീൻ, അബ്ദുള്ള വല്ലാഞ്ചിറ, സിദ്ധീഖ് കല്ലുപറമ്പൻ, സ്മിത മുഹിയുദ്ധീൻ എന്നിവർ ആശംസകൾ അറിയിച്ചു. വൈസ് പ്രസിഡന്റ് സജീർ പൂന്തുറ സ്വാഗതവും ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു.
തുടർന്ന് നേതാക്കളും പ്രവർത്തകരും ചേർന്ന് കേക്ക് മുറിച്ച് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സന്തോഷം പങ്കിട്ടു.
ജോൺസൺ മാർക്കോസ്, ഹക്കീം പട്ടാമ്പി, ഷാനവാസ് മുനമ്പത്ത്, നാസർ വലപ്പാട്, ഒമർ ഷരീഫ്, സന്തോഷ് കണ്ണൂർ, ജോസഫ് കോട്ടയം, ജംഷാദ് തുവ്വൂർ, മാത്യു ജോസഫ്, സൈനുദ്ധീൻ വല്ലപ്പുഴ, ബിനോയ് കൊല്ലം, അലക്സ് കൊട്ടാരക്കര, അൻസാർ വർക്കല, ഹരീന്ദ്രൻ കണ്ണൂർ, ഷംസീർ പാലക്കാട്, മൊയ്തീൻ മണ്ണാർക്കാട്, ഹാഷിം, ശരത് സ്വാമിനാഥൻ, മുഹമ്മദ് ഖാൻ പത്തനംതിട്ട, സൈഫുന്നീസ സിദ്ധീഖ്, മുസ്തഫ കുമാരനെല്ലൂർ, മജു സിവിൽ സ്റ്റേഷൻ, ഷുക്കൂർ എടക്കര, മജീദ് മൈത്രി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

