റിയാദ്: സൗദി അറേബ്യയെ ഉത്സവ തിമിർപ്പിലാക്കിയ റിയാദ് സീസൺ ആഘോഷങ്ങൾക്ക് താരപൊലിമയേറ്റി സൽമാൻ ഖാനും സഹ ബോളീവുഡ് താരങ്ങളും റിയാദിൽ. വെള്ളിയാഴ്ച റിയാദിൽ അരങ്ങേറുന്ന ‘ഡബാങ് ദ ടൂർ റീലോഡഡ്’ എന്ന മെഗാ ഷോ അവതരിപ്പിക്കാനാണ് പ്രശസ്ത അഭിനേതാക്കളായ ശിൽപാ ഷെട്ടി, സായി മഞ്ജരേക്കർ, ആയുഷ് ഷർമ, ഗായകൻ ഗുരു രണദേവ് എന്നിവരടങ്ങുന്ന സംഘത്തെ നയിച്ച് ബോളിവുഡിെൻറ പ്രിയപ്പെട്ട ‘മസിൽ മാെൻറ’ വരവ്. റിയാദ് സീസൺ ആഘോഷങ്ങളുടെ മുഖ്യ വേദിയായ ബോളിവാർഡ് പ്ലസ് ഇൻറർനാഷനൽ അരീനയിൽ വെള്ളിയാഴ്ച വൈകീട്ട് 7.30 മുതലാണ് സംഗീതവും ഡാൻസും എല്ലാം കൂടിച്ചേരുന്ന വിസ്മയകരമായ ബോളിവുഡ് മെഗാ ഷോ അരങ്ങേറുന്നത്.ബുധനാഴ്ചരാത്രിയോടെ റിയാദിലെത്തിയ സൽമാൻ ഖാനും സംഘവും വ്യാഴാഴ്ച വൈകീട്ട് നാലിന് മാധ്യമപ്രവർത്തകരെ കണ്ടു. സൗദി അറേബ്യയിൽ അവിശ്വസനീയമായ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സൽമാൻ ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രത്യേകിച്ച് സാംസ്കാരിക, വിനോദ മേഖലയിൽ. കഴിഞ്ഞ കുറെ മാസങ്ങളായി രാജ്യത്ത് നടക്കുന്നതെല്ലാം താൻ വളരെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കൊണ്ടുവന്ന മാറ്റങ്ങളെല്ലാം അവിശ്വസനീയവും വിസ്മയാവഹവുമാണ്. വിനോദ മേഖലയിൽ സൗദി ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽശൈഖ് നടപ്പാക്കുന്ന മാറ്റങ്ങൾ പ്രശംസനീയമാണ്. ഇത് ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് വളരെ ഉപകാരപ്രദമാവും. ഇന്ത്യയും സൗദിയും തമ്മിൽ ചലച്ചിത്ര വ്യവസായം സംബന്ധിച്ച് കൂടുതൽ ഉഭയകക്ഷി കരാറുകളുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.