മോസ്കോ: പാശ്ചാത്യന്‍ രാജ്യങ്ങളുടെ ഉപരോധത്തില്‍ വലഞ്ഞ റഷ്യ ഇന്ത്യയുടെ സഹായം തേടുന്നു. കാര്‍, വിമാനം, ട്രെയിന്‍ എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെ അടിയന്തരമായി ആവശ്യമായ 500 ഉല്‍പന്നങ്ങളാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടത്.
ഉല്‍പന്നങ്ങളുടെ പട്ടിക ഇന്ത്യക്ക് കൈമാറിയതായി റോയിട്ടേഴ്സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പാക്കേജിങ് ഉല്‍പന്നങ്ങള്‍, പേപ്പര്‍ ബാഗ്, അസംസ്കൃത പേപ്പര്‍ ഉല്‍പന്നം, ടെക്സ്റ്റൈല്‍, ലോഹ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ പട്ടികയിലുണ്ട്. ഇന്ത്യയിലെ വ്യവസായ മേഖലക്ക് ഉണര്‍വ് പകരുന്നതാണിത്.
അടുത്ത മാസങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഏതൊക്കെ ഉല്‍പന്നങ്ങള്‍ എത്ര അളവില്‍ വേണമെന്നതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടക്കണം. ചെറുതും വലുതുമായ ഇന്ത്യന്‍ കമ്ബനികളുമായി ബന്ധപ്പെടാന്‍ റഷ്യന്‍ വാണിജ്യ മന്ത്രാലയവും അവിടത്തെ കമ്ബനികളും ശ്രമിക്കുന്നുണ്ട്.
ഇന്ത്യയെ കൂടാതെ വേറെയും സുഹൃദ് രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്. റഷ്യയുമായി ദീര്‍ഘകാല സൗഹൃദമുള്ള ഇന്ത്യയുടെ പിന്തുണ ലഭിക്കുമെന്നാണ് മോസ്കോ കരുതുന്നത്. നവംബര്‍ ഏഴിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ റഷ്യ സന്ദര്‍ശിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ച നടന്നതായി വാര്‍ത്ത ഏജന്‍സി പറയുന്നു.
കൃഷി, പെട്രോളിയം, പ്രകൃതിവാതകം, തുറമുഖം, ഷിപ്പിങ്, ധനകാര്യം, കെമിക്കല്‍, വളം, വ്യാപാരം തുടങ്ങിയ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും ജയ്ശങ്കറിനൊപ്പം റഷ്യ സന്ദര്‍ശിച്ചിരുന്നു. കുറഞ്ഞ വിലക്ക് റഷ്യന്‍ എണ്ണ ഇന്ത്യക്ക് നല്‍കുന്നുണ്ട്. ഇരു രാഷ്ട്രങ്ങള്‍ക്കും ഇത് ഉപകാരപ്രദമാണ്.
യുദ്ധ വിരുദ്ധ നിലപാടാണെങ്കിലും റഷ്യയെ രൂക്ഷമായി വിമര്‍ശിക്കുന്ന പാശ്ചാത്യന്‍ സഖ്യത്തോടൊപ്പം ഇന്ത്യ ചേര്‍ന്നിട്ടില്ല. അതേസമയം, റഷ്യയുമായുള്ള ഇടപാട് പാശ്ചാത്യന്‍ രാജ്യങ്ങളെ ചൊടിപ്പിക്കുമെന്നും മറ്റു ബിസിനസുകളെയും പണമിടപാടുകളെയും അത് ബാധിക്കുമെന്നും ചില ഇന്ത്യന്‍ കമ്ബനികള്‍ ഭയക്കുന്നുണ്ട്.