പത്തനംതിട്ട: മണ്ഡല- മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. വൃശ്ചികം ഒന്നായ 17 മുതല്‍ പുലര്‍ച്ചെ മൂന്നിന് തുടങ്ങി പകല്‍ ഒന്നുവരെയും മൂന്നിന് തുടങ്ങി രാത്രി 11ന് ഹരിവരാസനം വരെയുമാണ് ദര്‍ശനസമയം. ഓണ്‍ലൈനായി 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ദര്‍ശനമൊരുക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ബുക്കിങ് റദ്ദായാല്‍ സ്ലോട്ടുകള്‍ തത്സമയ ബുക്കിങ്ങിനായി മാറ്റിവയ്ക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാംപടിക്കുമുന്‍പ് നടപ്പന്തല്‍ മുതല്‍ പ്രത്യേകം ക്യൂ സംവിധാനവും ഏര്‍പ്പെടുത്തി. വിവിധ വകുപ്പുകളുമായുള്ള ഏകോപനത്തിന് പരിചയസമ്പന്നരായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. മണ്ഡലപൂജയ്ക്കുശേഷം ഡിസംബര്‍ 27ന് രാത്രി പത്തിന് നടയടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 20ന് അടയ്ക്കും.
മകരവിളക്ക് ജനുവരി 14നാണ്. വഴിപാടുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. നേരിട്ട് ടിക്കറ്റെടുത്ത് വഴിപാടുകള്‍ നടത്താനും സൗകര്യമുണ്ട്.
*അപകട ഇന്‍ഷുറന്‍സ് പരിരക്ഷ.*
നാല് ജില്ലയില്‍ മാത്രമുണ്ടായിരുന്ന അപകട ഇന്‍ഷുറന്‍സ് കവറേജ് സംസ്ഥാനം മുഴുവനാക്കി. മരിക്കുന്ന തീര്‍ഥാടകരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ലഭിക്കും. കൂടാതെ സംസ്ഥാനത്തിന് പുറത്തേക്ക് ഒരുലക്ഷം രൂപ വരെയും സംസ്ഥാനത്തിനകത്ത് 30,000 രൂപ വരെയും ആംബുലന്‍സിന് നല്‍കും. ഇന്‍ഷുറന്‍സ് പദ്ധതി പ്രീമിയം തുക മുഴുവനും ദേവസ്വം ബോര്‍ഡാണ് വഹിക്കുന്നത്. ഹൃദയാഘാതം ഉള്‍പ്പെടെയുള്ള അസുഖം മൂലം മരിക്കുന്നവര്‍ക്കായി സഹായനിധി രൂപീകരിച്ചു. മരിക്കുന്നയാളുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ ദേവസ്വം ബോര്‍ഡ് നല്‍കും
Mediawings:

