ശബരിമല സ്വര്‍ണക്കൊള്ള; എൻ വാസു അടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു എന്നിവരുടെ ജാമ്യ ഹർജിയാണ് ജസ്റ്റിസ് എ ബദറുദീൻ തള്ളിയത്.ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള്‍, കട്ടിളപ്പാളികള്‍ എന്നിവിടങ്ങളിലെ സ്വർണക്കവർച്ചയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തുവെന്ന കേസിലാണ് പ്രതികള്‍ ജാമ്യഹർജി നല്‍കിയത്. നേരത്തെ സെഷൻസ് കോടതി ഇവരുടെ ജാമ്യഹർജി തള്ളിയിരുന്നു. ശ്രീകോവിലിലെ കട്ടിളപ്പാളികള്‍ ചെമ്ബുപാളികളെന്ന പേരില്‍ സ്വർണം പൂശാനായി കൈമാറിയ കേസില്‍ മൂന്നാം പ്രതിയാണ് എൻ വാസു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്ബാണെന്ന് എഴുതാന്‍ കമ്മീഷണറായിരുന്ന എൻ വാസുവാണ് നിർദേശം നല്‍കിയതെന്ന് കണ്ടെത്തിയതോടെയാണ് കേസില്‍ പ്രതിയാക്കിയത്.

ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികള്‍ കൈമാറിയ കേസില്‍ രണ്ടാം പ്രതിയും ശ്രീകോവിലിന്റെ കട്ടിളപ്പാളികള്‍ കൈമാറിയതില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു. ഏഴാം പ്രതിയാണ് കെ എസ് ബൈജു. 2019ല്‍ മഹസർ തയാറാക്കുന്ന സമയത്തും പാളികള്‍ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പക്കല്‍ കൊടുത്തുവിട്ട സമയത്തും ബൈജുവായിരുന്നു തിരുവാഭരണം കമ്മീഷണർ. മുരാരി ബാബുവും ബൈജുവും രണ്ടു കേസുകളിലും ജാമ്യ ഹർജി സമർപ്പിച്ചിരുന്നു.

അതേസമയം, ശബരിമലയിലെ സ്വർണക്കൊള്ള എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസെടുത്ത് അന്വേഷിക്കും. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇഡി സമാന്തരമായി അന്വേഷണം നടത്തുന്നതിനെ പ്രത്യേക അന്വേഷണ സംഘം എതിർത്തിരുന്നു. ഇത് തള്ളിക്കളഞ്ഞാണ് കോടതി അനുകൂലമായാണ് ഉത്തരവിട്ടിരിക്കുന്നത്. കേസില്‍ അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ടുകളും എഫ്‌ഐആറിന്റെ പകർപ്പുകളും ഇഡിക്ക് കൈമാറാൻ പ്രത്യേക അന്വേഷണ സംഘത്തിനോട് നിർദേശം നല്‍കിയിട്ടുണ്ട്.

spot_img

Related Articles

Latest news