തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ഇന്നലെ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ കുരുക്ക് മുറുകുന്നു.ദ്വാരപാലക ശില്‍പ്പ കേസിലും തന്ത്രിയെ പ്രതി ചേർക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയില്‍ റിപ്പോർട്ട് നല്‍കും.
തന്ത്രി ദേവസ്വം മാനുവല്‍ ലംഘനത്തിന് കൂട്ടുനിന്നു, സ്വർണം ചെമ്പാക്കിയ മഹസ്സറില്‍ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിതില്‍ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടെന്നുമുള്ള കാര്യങ്ങള്‍ എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം മാന്വലില്‍ തന്ത്രിയുടെ കടമകള്‍ വ്യക്തമാണെന്നും അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനുള്ള ഉത്തരവാദിത്വങ്ങള്‍ തന്ത്രിക്കുമുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ 11 അറസ്റ്റാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, തന്ത്രിയെയും അറസ്റ്റ് ചെയ്‌തതോടെ സ്വർണക്കൊള്ളക്കേസില്‍ അടുത്തത് ആരെന്നതില്‍ ആകാംക്ഷ ഉയരുകയാണ്. ഉന്നതരായ ചിലർ ഇനിയും പിടിയിലാവാനുണ്ടെന്ന് എസ്‌ഐ.ടി പറയുന്നു. തന്ത്രിയെ ചോദ്യംചെയ്യുന്നതോടെ പല ചോദ്യങ്ങള്‍ക്കും ഉത്തരമാകും. സ്വർണപ്പാളികള്‍ കടത്തിയതെങ്ങോട്ട് എന്നതടക്കം ഇനി വേണം കണ്ടെത്താൻ.
ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും സംശയമുനയിലാണ്. ചോദ്യം ചെയ്യലില്‍ എസ്ഐടിയുടെ ചോദ്യങ്ങളെല്ലാം കടകംപള്ളി നിഷേധിച്ചിരുന്നു. മൊഴിയിലെ വിവരങ്ങള്‍ എസ്‌ഐടി പരിശോധിക്കുകയാണ്. വൈരുദ്ധ്യം കണ്ടെത്തിയാല്‍ കടകംപള്ളിക്കും കുരുക്കാവും. ബോർഡംഗമായിരുന്ന ശങ്കരദാസിനെ ഉടൻ അറസ്റ്റ് ചെയ്യും. 2025ല്‍ സ്വർണം പൂശാൻ അനുമതി നല്‍കിയ അന്നത്തെ ബോർഡ് പ്രസിഡന്റ് പ്രശാന്തിനെ വീണ്ടും ചോദ്യംചെയ്തേക്കും.

