ശബരിമല വിഷയത്തില്‍ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കില്ല : കാനം രാജേന്ദ്രന്‍

ര്‍ക്കാര്‍ ഒരു നിലപാടും മാറ്റിയിട്ടില്ല

പത്തനംതിട്ട: വിഷയത്തില്‍ സര്‍ക്കാര്‍ ഒരു നിലപാടും മാറ്റിയിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പിന്‍വലിച്ചത് വഴി തടയല്‍ പോലുള്ള ചെറിയ കേസുകളാണ്. ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനാകില്ല. ശബരിമലയില്‍ ഒരു പ്രശ്നവുമില്ല. എല്ലാം സങ്കല്‍പ കഥകള്‍ മാത്രം. കോവിഡ് കാരണം കഴിഞ്ഞ വര്‍ഷം തീര്‍ഥാടകര്‍ കുറവായിരുന്നു. അതിനാല്‍ ദേവസ്വം ബോര്‍ഡിനുള്ള വരുമാനം കുറഞ്ഞു എന്നല്ലാതെ മറ്റൊരു പ്രശ്നവും ഇല്ല. ശബരിമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിധി വന്നിട്ട് ബാക്കി കാര്യങ്ങള്‍ ആലോചിക്കാമന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്നും കാനം പറഞ്ഞു. റാങ്ക് ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും ജോലി കൊടുക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. ജോലി നല്‍കിയാല്‍ മാത്രം പോരല്ലോ, ശമ്ബളവും നല്‍കണ്ടേ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കിയ സര്‍ക്കാരാണിത്.

കോവിഡ് കാരണം കാലാവധി അവസാനിക്കാനിരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസം കൂടി നീട്ടി നല്‍കി. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ റിട്ടയര്‍മെന്റ് വരുമ്ബോഴാണ് കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ കഴിയുക. അതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തി വന്നത്.

ഇടതുമുന്നണിയുടെ ജനപിന്തുണ വര്‍ധിച്ചു. അതിന്റെ തെളിവാണ് വികസന മുന്നേറ്റ യാത്രയിലെ വന്‍ ജനപങ്കാളിത്തം. പത്തനംതിട്ടയില്‍ എല്‍ഡിഎഫിന് ഒരു ആശങ്കയുമില്ല. ജില്ലാ പഞ്ചായത്തടക്കം എല്‍ഡിഎഫ് ഭരിക്കുന്നു. 5 മണ്ഡലങ്ങളിലും എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷം നേടുമെന്നും കാനം പറഞ്ഞു.

ശബരിമല യുവതീ പ്രവേശനം, പൗരത്വനിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍ എസ് എസ് അടക്കമുള്ള സംഘടനകളും കോണ്‍ഗ്രസും ബി ജെ പിയും ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. ഐശ്വര്യ കേരള യാത്രയില്‍ അടക്കം ശബരിമല വിഷയം യു ഡി എഫ് ഉയര്‍ത്തിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശ്വാസികളെ ഒപ്പം നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

2018ല്‍ ശബരിമല സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെ ക്ഷേത്രം തുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ മാത്രം 543 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതു കൂടാതെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രതിഷേധങ്ങളുടെ പേരില്‍ കേസെടുത്തത്. തുലാമാസ പൂജയ്ക്ക് ക്ഷേത്രം തുറന്നപ്പോഴുണ്ടായ അക്രമങ്ങളുടെ പേരില്‍ നാലായിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹര്‍ത്താല്‍, വഴി തടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്ക് മേല്‍ ചുമത്തിയത്. ശബരിമല പ്രതിഷേധ സമരങ്ങളുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ട് വരികയായിരുന്നു

spot_img

Related Articles

Latest news