ഇപ്പോള്‍ ശബരിമലയില്‍ ഒരു പ്രശ്‌നവുമില്ല
മലപ്പുറം : ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമവിധി വന്നാല്‍ വിശ്വാസികളെ ബാധിക്കുന്നതെങ്കില്‍ എല്ലാവരുമായും ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ് ശബരിമല. ഇപ്പോള്‍ ചിലര്‍ക്ക് ഇതില്‍ വലിയ താല്‍പ്പര്യമാണ്. അതിന്റെ ഉദ്ദേശ്യം പലതാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നോക്കിയതാണ്. പക്ഷേ, ഏശിയില്ല.
ശബരിമലയില്‍ ഒരു പ്രശ്നവുമില്ല. എല്ലാം നല്ലനിലയിലാണ് നടക്കുന്നത്. കോടതിയുടെ അന്തിമ വിധിവരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയുമായി യുഡിഎഫ് ധാരണയിലാണ്. അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാനാകുമോ എന്ന പരീക്ഷണത്തിലാണ്. നേരായ മാര്‍ഗത്തിലൂടെ സര്‍ക്കാരിനെ നേരിടാനാവില്ലെന്ന് മനസ്സിലാക്കി അനാവശ്യ കോലാഹലമുയര്‍ത്തി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമം.
രാഷ്ട്രീയമായി കഴിയാത്ത കാര്യം ബിജെപിയെ ഉപയോഗിച്ച് കേന്ദ്ര ഏജന്‍സികളെക്കൊണ്ട് സാധിക്കുമോ എന്നാണ് നോക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ പരാതി കൊടുത്തയുടനെ കേന്ദ്ര ഏജന്‍സി ചാടിവീഴുന്നത് അതുകൊണ്ടാണ്. കേന്ദ്ര ഏജന്‍സികളെ അനുകൂലിച്ച് രാഹുല്‍ ഗാന്ധി തന്നെ രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണ്. അത്ര ശക്തമായ ധാരണയാണ് ഇവര്‍ തമ്മിലുള്ളത്.
സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തകര്‍ക്കുകയാണ് ലക്ഷ്യം. വികസനം ഇവിടെ പാടില്ല എന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. അതിന് നുണക്കഥകള്‍ സൃഷ്ടിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. അതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ യുഡിഎഫ് തയ്യാറാകുന്നില്ല.
ബിജെപിയുടെ ബി ടീമായാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. 35 സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന് ബിജെപി പറയുന്നത് കോണ്‍ഗ്രസിനെ കണ്ടിട്ടാണ്. തോറ്റാല്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോകും. അതുകൊണ്ട് കോണ്‍ഗ്രസിനെ ജയിപ്പിക്കണം എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍, നിയമസഭയിലേക്ക് ജയിച്ചവര്‍ ഇരിക്കും മുമ്പ് ബിജെപിക്കൊപ്പം പോകുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ പ്രവണത കേരളത്തിലേക്കും കടന്നുവരികയാണ് – അദ്ദേഹം പറഞ്ഞു.