മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരൻ; “പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാൻ ശ്രമിച്ചു, നടപടി എടുക്കണം”; തന്നെ ഉപദേശിക്കാനുള്ള പ്രായമോ യോഗ്യതയോ സജി ചെറിയാനില്ലെന്നും മറുപടി

ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ ജി. സുധാകരൻ മന്ത്രി സജി ചെറിയാനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി രംഗത്ത്.പാർട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചുവെന്നും, ഇതില്‍ പങ്കാളിയായ അദ്ദേഹത്തിനെതിരെ പാർട്ടി നടപടിയെടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

പാർട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചു. “പുറത്താക്കി” എന്ന വാർത്ത പ്രചരിച്ചപ്പോള്‍ ചില സഖാക്കള്‍ പടക്കം പൊട്ടിക്കുകയും ടീ പാർട്ടി നടത്തുകയും ചെയ്തു. ഇതില്‍ സജി ചെറിയാനും പങ്കാളിയാണ്. ഇത്തരം പ്രവർത്തനങ്ങളില്‍ പങ്കാളിയായ സജി ചെറിയാനെതിരെ പാർട്ടി നടപടിയെടുക്കണം. ഒരു നേതാവിനെക്കുറിച്ച്‌ നല്ലത് പറയേണ്ടത് പാർട്ടിയാണ്, അല്ലാതെ വ്യക്തികളല്ല. സജി ചെറിയാന്റെ അനുയായികള്‍ തന്നെ ബി.ജെ.പിയിലേക്ക് വിടാൻ ശ്രമിച്ചു. തന്നോട് ഏറ്റുമുട്ടി ആരും വിജയിച്ചിട്ടില്ലെന്നും, പുന്നപ്ര വയലാർ സമരഭൂമിയുടെ മണ്ണില്‍ നിന്നാണ് താൻ സംസാരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ പാർട്ടിയില്‍ പരാതി ഉയർന്നു. സജി ചെറിയാൻ അറിയാതെ ഈ പരാതി പോകില്ലെന്നും അദ്ദേഹം ഇതില്‍ പങ്കാളിയല്ലേയെന്നും സുധാകരൻ ചോദ്യമുന്നയിച്ചു.

പാർട്ടിയോട് യോജിക്കാത്ത തരത്തില്‍ സംസാരിക്കുന്ന സജി ചെറിയാൻ, ഈയിടെ 14 പ്രസ്താവനകള്‍ നടത്തിയെന്നും പാർട്ടി വിലക്കിയില്ലെന്നും ജി. സുധാകരൻ ചൂണ്ടിക്കാട്ടി. തന്നെ ഉപദേശിക്കാനുള്ള പ്രായമോ യോഗ്യതയോ സജി ചെറിയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സജി ചെറിയാൻ തന്നോട് ഏറ്റുമുട്ടാൻ വരേണ്ടതില്ലെന്നും അത് നല്ലതിനല്ലെന്നും ജി. സുധാകരൻ മുന്നറിയിപ്പ് നല്‍കി. താൻ പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം. നേതൃതലത്തില്‍ ആലപ്പുഴ ജില്ലയില്‍ നിലനില്‍ക്കുന്ന ചേരിപ്പോര് കൂടുതല്‍ രൂക്ഷമാക്കുന്നതാണ് ജി. സുധാകരന്റെ ഈ തുറന്നുപറച്ചില്‍.

spot_img

Related Articles

Latest news