റിയാദ്: പ്രശസ്ത സിനിമാ നടനും കോൺഗ്രസ് സഹചാരിയുമായ സലിം കുമാറിന്റെ നിര്യാണത്തിൽ റിയാദ് ഒഐസിസി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ഹയിലെ സബർമതി ഹാളിൽ നടന്ന യോഗത്തിൽ ഒഐസിസി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു.
ഒഐസിസി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ ആമുഖപ്രഭാഷണം നടത്തി.മലയാള സിനിമയിലെ ഹാസ്യത്തിനും സ്വഭാവനടനത്തിനും പുതിയ മാനങ്ങൾ സമ്മാനിച്ച കലാകാരനായിരുന്നു സലിം കുമാറെന്ന് അദ്ദേഹം അനുസ്മരിച്ചു. കലാരംഗത്തെ മികവിനൊപ്പം സാമൂഹിക വിഷയങ്ങളിലെയും പൊതുപ്രവർത്തനങ്ങളിലെയും അദ്ദേഹത്തിന്റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒഐസിസി മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ മുഖ്യപ്രഭാഷണം നടത്തി. സാധാരണക്കാരുടെ ജീവിതവും വികാരങ്ങളും വെള്ളിത്തിരയിൽ അനായാസം അവതരിപ്പിക്കാൻ കഴിഞ്ഞ അപൂർവ പ്രതിഭയായിരുന്നു സലിം കുമാറെന്ന് അദ്ദേഹം പറഞ്ഞു. കലാകാരൻ എന്ന നിലയിലും മനുഷ്യസ്നേഹി എന്ന നിലയിലും അദ്ദേഹം സമൂഹത്തിൽ അവശേഷിപ്പിച്ച പൈതൃകം എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ സംസാരിച്ച നേതാക്കളും പ്രവർത്തകരും മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലിം കുമാറിന്റെ വേർപാടെന്ന് അഭിപ്രായപ്പെട്ടു. നിരവധി പതിറ്റാണ്ടുകളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കുമെന്നും അനുസ്മരണ പ്രഭാഷണങ്ങളിൽ ചൂണ്ടിക്കാട്ടി.
കലാ-സാംസ്കാരിക രംഗത്തും പൊതുസമൂഹത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ അനുസ്മരിച്ചുകൊണ്ട് യോഗം അനുശോചനം രേഖപ്പെടുത്തി.
ചടങ്ങിൽ ഒഐസിസി ഭാരവാഹികളായ സജീർ പൂന്തുറ, സക്കിർ ദാനത്ത്, ഷംനാദ് കരുനാഗപ്പള്ളി, അലി ആലുവ, റഫീഖ് വെമ്പായം, മാള മുഹിയുദ്ധീൻ, ഷിഹാബ് കൊട്ടുകാട്, അസ്കർ കണ്ണൂർ, ഷാജി സോന, കമറുദ്ധീൻ താമരക്കുളം, നാസർ വലപ്പാട്, ഒമർ ഷരീഫ്, നാസർ മാവൂർ, സൈനുദ്ധീൻ വല്ലപ്പുഴ, അൻസാർ തിരുവനന്തപുരം, ഡൊമിനിക്ക് എറണാകുളം, ഷംസീർ പാലക്കാട്, റസാഖ് ചാവക്കാട്, സിദ്ധീഖ് പന്നിയങ്കര തുടങ്ങിയവർ അനുശോചന പ്രഭാഷണങ്ങൾ നടത്തി.
സലിം കുമാറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും യോഗം പ്രമേയത്തിലൂടെ അറിയിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള ഒഐസിസി പ്രവർത്തകരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികളും അനുശോചന യോഗത്തിൽ പങ്കെടുത്തു.

