ബാലരാമപുരം: സമാധി ദുരൂഹതയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കല്ലറ ഉടന്‍ പൊളിക്കില്ല. നടപടി തല്ക്കാലം നിര്‍ത്തി വെയ്ക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദേശം നല്കി.സമാധി പൊളിക്കുന്നതിനെതിരേ കുടുംബവും ഒരു വിഭാഗം നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി നിര്‍ത്തിവെയ്ക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
നേരത്തേ സംഭവത്തിലെ ദൂരുഹത പരിഹരിക്കാനായി സമാധി പൊളിക്കാനായി പോലീസും ഫോറന്‍സിക് വിദഗ്ദ്ധരും സബ്കളക്ടറുടെ നേതൃത്വത്തില്‍ എത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ കടുത്ത പ്രതിഷേധം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇവിടെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയിരുന്നു.
ഗോപന്റെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നില്‍ നിലയുറപ്പിക്കുകയും ഇവരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുകയുമൊക്കെ ചെയ്തിരുന്നു.
നടപടി നിര്‍ത്തിവെച്ച് അധികൃതര്‍ മടങ്ങാനൊരുങ്ങുമ്പോള്‍ മരണത്തിന്റെ സത്യാവസ്ഥ അറിയണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്. പോലീസ് ഇവരെ ഒരു വിധത്തില്‍ ശാന്തരാക്കുകയായിരുന്നു. വീട്ടിന് മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വലിയ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്. നെയ്യാറ്റിന്‍കരയില്‍ ആറാലുംമൂട് സ്വദേശി ഗോപന് സമാധിയായെന്ന് അവകാശപ്പെട്ടാണ് കുടുംബം കല്ലറ നിര്‍മ്മിച്ചത്. സംസ്കാരം നടത്തിയ ശേഷം മക്കള്‍ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപന്റെ മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്.
സംഭവത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുക്കുകയായിരുന്നു. ഗോപന്റേത് കൊലപാതകമാണോ എന്ന് നാട്ടുകാര്‍ സംശം ഉയര്‍ത്തിയതോടെയാണ് കല്ലറ തുറക്കണമെന്ന ആവശ്യത്തിലേയ്ക്ക് പൊലീസ് എത്തിയത്.