നഷ്ടമായത് സമൂഹത്തിന്റെ മതേതര കാവലാൾ: സമസ്ത ഇസ്‌ലാമിക് സെന്റർ

റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ്റും കേരള മുസ്‌ലിം സമൂഹത്തിന്റെ അഭിവന്ദ്യ നായകനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ നഷ്ടമായത് സമൂഹത്തിന്റെ മതേതര കാവലാളെയാണെന്നും വർത്തമാന കൈരളിക്കും മതേതര ഇന്ത്യക്കും കനത്ത നഷ്ടമാണെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എക്കാലവും മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ മുന്നിട്ട് നിന്ന നേതാവായിരുന്നു തങ്ങൾ. മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ഊന്നിയ സമീപനമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടേത്. സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടിയും സജീവമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു തങ്ങൾ. മതേതര മൂല്യത്തിന്റെ പ്രതീകമാണ് പാണക്കാട് ഹൈദരലി തങ്ങളുടെ വേര്‍പാടിലൂടെ നഷ്ടമായത്.

രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്നവരോട് എന്നും സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. കേരളത്തിലും പുറത്തും വ്യാപിച്ചു കിടക്കുന്ന സമസ്തയുടെ കീഴിലുള്ള മഹല്ലുകളുടെയും അനാഥ അഗതി മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും തിളങ്ങിയ തങ്ങളുടെ വിയോഗം തീർത്താൽ തീരാത്ത വിടവായിരിക്കും സൃഷ്ടിക്കുക. പട്ടിക്കാട് നിന്നുള്ള ഫൈസീ ബിരുദവും ആത്മീയ ജ്യോതിസുകളായ ഉസ്താദുമാരുടെ ശിക്ഷണവും ആത്മീയമായി സമുദായത്തെ മുന്നിൽ നിന്ന് നയിക്കാൻ തങ്ങളെ പ്രാപ്തനാക്കിയിരുന്നു.

ഇന്ന് പതിനായിങ്ങൾക്ക് അത്താണിയായി മാറിയ മജ്‌ലിസുന്നൂർ തങ്ങളിൽ നിന്നുള്ള അമൂല്യമായ കൈമാറ്റമായിരുന്നു. തങ്ങളുടെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം, പ്രാർത്ഥനാ സദസുകൾ സംഘടിപ്പിക്കാനും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ നേതൃത്വം ആഹ്വാനം ചെയ്തു. ഖതമുൽ ഖുർആൻ സദസുകളും അനുസ്മരണ സദസുകളും പ്രവിശ്യ, സെൻട്രൽ, യൂണിറ്റ് തലങ്ങളിൽ നടക്കുമെന്നും ദേശീയ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ, ജനറൽ സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ, ട്രഷറർ ഇബ്രാഹീം ഓമശേരി എന്നിവർ അറിയിച്ചു.

spot_img

Related Articles

Latest news