റിയാദ്: സമാധാന തുരുത്തായ ലക്ഷദ്വീപിനെ വിഷലിപ്തമാക്കാനുള്ള കേന്ദ്ര സർക്കാർ നടപടികൾ ആപത്കരവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്നും ഇത്തരം നെറികെട്ട പ്രവർത്തനങ്ങളിൽ നിന്ന് ഭരണകൂടം പിന്മാറണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.
ലക്ഷദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടക്കാനും, വെറ്റിനററി സർജന്റെ നേതൃത്വത്തിൽ മൃഗങ്ങളെ ലേലം ചെയ്യാനും ഉത്തരവിട്ടിരിക്കുകയാണ്. ദ്വീപ് നിവാസികളുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ പാൽ ഉത്പാദനം പൂർണ്ണമായും ഇല്ലാതാക്കുന്നതോടൊപ്പം ബിജെപി തങ്ങളുടെ വർഗ്ഗീയ അജണ്ട അടിച്ചേൽപ്പിച്ച് ഇവിടം അരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്.
ജനങ്ങളുടെ വരുമാനം മാർഗ്ഗം ഇല്ലാതാക്കിയും പാൽ ഉത്പാദനം നിർത്തലാക്കിയും ലക്ഷദ്വീപിൽ വിറ്റഴിക്കാൻ ഒരുങ്ങുന്ന അമൂൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനാണ് നിവാസികളുടെ തീരുമാനം. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട സർക്കാർ അവർക്ക് ഉപകാരം ചെയ്യുന്നതിന് പകരം അവരെ ഉപദ്രവിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ മതേതര ചേരിയിൽ നിന്ന് അതി ശക്തമായ പ്രതിഷേധം ഉണ്ടാവണം എന്നും എസ്‌ഐസി അഭ്യർത്ഥിച്ചു.
ബിജെപി ഗവണ്മെന്റിന്റെ വിവേചനപരാമായ നയങ്ങൾ പ്രതിഷേധാർഹമാണെന്നും ദ്വീപ് നിവാസികൾക്ക് കേരളീയ സമൂഹം അർപ്പിക്കുന്ന സർവ്വ വിധ പിന്തുണക്കൊപ്പം സമസ്ത ഇസ്‌ലാമിക് സെന്ററും കൈകോർക്കുന്നുവെന്നും എസ് ഐ സി ദേശീയ ഭാരവാഹികൾ പ്രസ്താവാനയിൽ ആവശ്യപ്പെട്ടു.