കോവിഡ് മൂലം മരണപ്പെട്ടവരുടെ മയ്യത്ത് കുളിപ്പിക്കാൻ അനുമതി വേണം- സമസ്ത

കോവിഡ് മൂലം മരണപ്പെട്ടവരുടെ മയ്യത്ത് കർശനമായ വ്യവസ്ഥകളോടെ കുളിപ്പിക്കാൻ അനുമതി വേണമെന്നു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിൽ കോവിഡ് രോഗം പിടിപെട്ട് മരണപ്പെടുന്നവരുടെ മയ്യത്ത് സംസകരണവുമായി ബന്ധപ്പെട്ട് വളരെ പ്രയാസകരമായ ഒരു സാഹചര്യമാണുള്ളതെന്നും കോവിഡ് ബാധിച്ച് മരണപ്പെടുന്ന മയ്യത്തുകൾക്ക് അർഹിക്കുന്ന ആദരവ് നൽകി സംസ്‌കരിക്കാൻ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നിലവിൽ സാധ്യമാകുന്നില്ലെന്നും ജീവിതകാലം മുഴുവൻ മത വിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചുകൊണ്ട് ജീവിച്ച ആളെ രോഗം ബാധിച്ച് മരിക്കുന്നതോടെ മൃഗങ്ങളെ കുഴിച്ചിടുന്ന വിധത്തിൽ സംസ്‌കരിക്കപ്പെടുന്നത് ക്രൂരതയാണെന്നും കത്തിൽ പറയുന്നു.

കത്തിന്റെ പൂർണ രൂപം

കേരളത്തിൽ കൊവിഡ് രോഗം പിടി പെട്ട് മരണപ്പെടുന്ന കൊവിഡ് രോഗികളുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട് വളരെ പ്രയാസകരമായ ഒരു സാഹചര്യമാണ്, നമ്മുടെ നാട്ടിൽ നിലവിലുള്ളത്.   കൊവിഡ് ബാധിച്ച് മരണപ്പെടുന്ന മയ്യത്തുകൾക്ക് അർഹിക്കുന്ന ആദരവ് നൽകി സംസ്‌കരിക്കാൻ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നിലവിൽ സാധ്യമാകുന്നില്ല, ജീവിതകാലം മുഴുവൻ മത വിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചുകൊണ്ട് ജീവിച്ച ആളെ രോഗം ബാധിച്ച് മരിക്കുന്നതോടെ മൃഗങ്ങളെ കുഴിച്ചിടുന്ന വിധത്തിൽ സംസ്‌കരിക്കപ്പെടുന്നത് വല്ലാത്ത ക്രൂരതയാണ്. വേണ്ട വിധം പരിചരിക്കാൻ ആളില്ലാതെ ദിവസങ്ങളോളം രോഗിയായിക്കിടന്ന് മലവും മൂത്രവും അതേപടി ശരീരത്തിൽ നിലനിർത്തിയാണ് അടക്കപ്പെടുന്നത്.

രോഗിയാവുന്നതോടെ താൻ മരണപ്പെട്ടാലുള്ള അവസ്ഥ എത്രമാത്രം ഭീകരമാണെന്ന ചിന്ത ഓരോരുത്തരെയും അലട്ടുക സ്വാഭാവികമാണ്. രോഗംമൂർച്ഛിക്കാൻ വരെ ഇത് കാരണമാകുന്നുണ്ട്. മരണപ്പെട്ടാൽ മാന്യമായൊരു യാത്രയയപ്പ് മനുഷ്യന്റെ
അവകാശമാണ്. ഓരോ മതങ്ങളും ഇക്കാര്യത്തിൽ നിഷ്‌കർഷത പാലിക്കുന്നുണ്ട്.

മുസ്ലിംകളെ സംബന്ധിച്ചേടത്തോളം നാല് കാര്യങ്ങൾ ഒരു മൃതദേഹത്തിന് ചെയ്യേണ്ടതുണ്ട്. കുളിപ്പിക്കുക, കഫൻ (മുന്ന് കഷണം തുണികൊണ്ട് മൃതശരീരം പൊതിയുക) ചെയ്യുക, മയ്യത്ത് നിസ്‌കരിക്കുക, മറമാടുക എന്നിവയാണവ. കുളിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. നിലവിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം മൃതദേഹം കുളിപ്പിക്കാൻ അനുവദിക്കപ്പെടുന്നില്ല.

മൃതദേഹം കുളിപ്പിക്കുന്നത് കൊണ്ട് എന്തു രോഗപ്പകർച്ചയാണ് വരുന്നതെന്ന് ഇത് വരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മരിക്കുന്നതോടെ രോഗാണുക്കൾ നശിക്കുമെന്നാണ് ചില പഠനങ്ങളിൽ വ്യക്തമാക്കപ്പെട്ടത്. കൊവിഡ് രോഗം പിടിപെട്ടവർക്ക് കുളിക്കാൻ ഒരു നിരോധനവുമില്ല. അവർ കുളിച്ച വെള്ളം
പൊതുവായ സ്ഥലത്താണ് ഒഴിവാക്കപ്പെടുന്നത്. ഇതെല്ലാം അനുവദനീയമാണെന്നിരിക്കെ മരിച്ചാൽ ഇതൊന്നും പാടില്ലെന്നതിലെ യുക്തിയാണ് മനസ്സിലാകാത്തത്.

WHO യുടെ മാർഗ്ഗ നിർദ്ദേശത്തിൽ കുളിപ്പിക്കരുതെന്ന് പറയുന്നില്ല. കുളിപ്പിക്കുന്നവർ പി.പി.ഇ കിറ്റ് ധരിക്കണമെന്നേ പറയുന്നുള്ളു. അല്ലെങ്കിലും കർശനമായ വ്യവസ്ഥകളോടെ ഇതെല്ലാം ചെയ്യാൻ കഴിയും. ആശുപത്രികളോടനുബന്ധിച്ച് സർക്കാർ തലത്തിലോ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയോ കർശനവ്യവസ്ഥകൾ വെച്ചു കൊണ്ട് തന്നെ സൗകര്യം ഒരുക്കാവുന്നതേയുള്ളു.

വസ്തുതകൾ ഇങ്ങനെയെല്ലാമായിരിക്കെ അനാവശ്യമായ വ്യവസ്ഥകളുണ്ടാക്കി മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവ് ഖേദകരമാണ്. അതോടൊപ്പം കൊവിഡ് ബാധിച്ച് മരണപ്പെടുകയും യാതൊരു പരിഗണനയും കൊടുക്കാൻ കഴിയാതെ അടക്കപ്പെടുകയും ചെയ്യുമ്പോൾ മരണപ്പെട്ടയാളുടെ കുടുംബത്തിന് ഉണ്ടാകുന്ന മാനസിക പ്രയാസം എത്രമേൽ കടുത്തതായിരിക്കുമെന്നത് ഈഹിക്കാവുന്നതേയുള്ളു.

spot_img

Related Articles

Latest news