സമീഹ ജുനൈദിന്റെ പുസ്തകം വണ്‍ വേള്‍ഡ്, വണ്‍ ലൈഫ്, വണ്‍ യൂ, ബി യൂ പ്രകാശനം ചെയ്തു
ദോഹ. ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂൾ പൂര്‍വ്വ വിദ്യാര്‍ഥിനി സമീഹ ജുനൈദിന്റെ പ്രഥമ കാവ്യ സമാഹാരമായ വണ്‍ വേള്‍ഡ്, വണ്‍ ലൈഫ്, വണ്‍ യൂ, ബി യൂ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ നേതാക്കള്‍ ചേര്‍ന്നാണ് പ്രകാശനം നിർവഹിച്ചത്.
സ്ക്കൂളിന്റെ അഭിമാനതാരകവും യുവ തലമുറക്ക് മാതൃകയുമാണ് സമീഹ എന്ന് ചടങ്ങില്‍ സംബന്ധിച്ച ഐഡിയല്‍ ഇന്ത്യന്‍ സ്ക്കൂള് പ്രസിഡണ്ട് ഡോ. എം. പി. ഹസന് കുഞ്ഞിയും സ്ക്കൂള് പ്രിന്‍സിപ്പല്‍ സയ്യിദ് ഷൗക്കത്തലിയും പറഞ്ഞു.
ജീവിതത്തില്‍ നിറമുള്ള സ്വപ്നങ്ങളേയും ആഹ്ളാദ നിമിഷങ്ങളേയും താലോലിക്കുന്ന സമീഹ ജുനൈദ് എന്ന പത്തൊമ്പത്കാരി ലക്ഷ്യബോധത്തിലും ജീവിതവീക്ഷണത്തിലുമൊക്കെ പുതിയ തലമുറയുടെ പ്രതീക്ഷയും പ്രത്യാശയുമാണ് പ്രതിനിധീകരിക്കുന്നത്. മധുരപ്പതിനേഴിന്റെ സുവര്‍ണനാളുകളില്‍ അപ്രതീക്ഷിതമായി പിതാവ് മരണപ്പെടുകയും പടുത്തുയര്‍ത്തിയ സ്വപ്ന കൊട്ടാരങ്ങള്‍ തകര്‍ന്നടിയുമോ എന്ന് സ്വന്തക്കാര് പോലും ഭയപ്പെടുകയും ചെയ്തപ്പോള്‍, ജീവിതത്തില്‍ സ്വപ്നങ്ങളെ മുറുകെ പിടിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുമ്പോള്‍ ഏത് പ്രതിസന്ധിയേയും ആര്‍ജവത്തോടെ നേരിടുവാനും സമാധാനപരമായി ജീവിക്കുവാനും കഴിയുമെന്ന് ഈ പെണ്‍കുട്ടി പറയുമ്പോള്‍ ഈ ചെറുപ്രായത്തിലെ ഇരുത്തം വന്ന അവരുടെ ചിന്തയും കാഴ്ചപ്പാടുകളുമൊക്കെ നമ്മെ വിസ്മയിപ്പിക്കും.
ഈ ലോകത്ത് ഓരോരുത്തര്‍ക്കും സവിശേഷമായ നിയോഗമാണുള്ളതെന്നും ആ നിയോഗം തിരിച്ചറിഞ്ഞ് കര്‍മപഥത്തില്‍ മുന്നേറുകയാണ് വേണ്ടതെന്നുമാണ് കണ്ണുകളില്‍ നക്ഷത്ര തിളക്കം ഒളിപ്പിച്ച ഈ പെണ്‍കുട്ടിയുടെ നിലപാട്. സ്വപ്നങ്ങളുടെ വര്‍ണാഭമായ ഭൂമികയില്‍ സ്വന്തമായൊരിടം അടയാളപ്പെടുത്താനൊരുങ്ങി ഭാവനയുടെ അതിരുകളില്ലാത്ത ലോകത്ത് ചിറകടിച്ചുയരാന്‍ കൊതിച്ച ഈ കൊച്ചുമിടുക്കിയുടെ സര്‍ഗസഞ്ചാരത്തിന്റെ വേറിട്ട വഴികളാണ് നമ്മെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. കുതിച്ചുചാട്ടത്തിന് തയ്യാറായി നില്‍ക്കുമ്പോഴാണ് ജീവിതത്തിന്റെ വഴികാട്ടിയും മുഖ്യ പ്രചോദകനുമായിരുന്ന പ്രിയപിതാവ് ഈ ലോകത്തോട് വിടപറഞ്ഞത്. കൗമാരത്തിന്റെ കൗതുകത്തിലുള്ള ഏത് പെണ്‍കുട്ടിയും തകര്‍ന്നടിയുകയോ കത്തിക്കരിഞ്ഞ സ്വപ്നചിറകുകളുമായി നിശബ്ദമായേക്കാവുന്ന വൈകാരിക സമ്മര്‍ദ്ധങ്ങള്‍ക്കൊടുവിലും വിശ്വാസത്തിന്റെ വെളിച്ചവും പ്രതീക്ഷയുടെ കരുത്തുമായി ക്രിയാത്മക രംഗത്ത് സജീവമായ സാന്നിധ്യം അടയാളപ്പെടുത്തിയാണ് സമീഹ ജുനൈദ് തന്റെ നിയോഗം തിരിച്ചറിയുന്നത്.
മാസ്മരിക ശക്തിയുള്ള തന്റെ ചിന്തകളും വരികളും സമൂഹത്തിന്റെ രചനാത്മകമായ വളര്‍ച്ചക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ഈ ചെറുപ്പക്കാരി ചിന്തിച്ചത്. കുട്ടിക്കാലം മുതലേ ഒരു ഗ്രന്ഥകാരിയാകണമെന്നായിരുന്നു മോഹം. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ മനസില്‍ തെളിയുന്ന ചിതറിയ ചിന്തകളും ആശയങ്ങളുമൊക്കെ ഒരു നോട്ട് പുസ്തകത്തില്‍ കുറിച്ചിടുമായിരുന്നു. അങ്ങനെ സ്വന്തം സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമായി പത്തൈാമ്പതാമത് വയസ്സില്‍ ആദ്യകവിതാസമാഹാരം പുറത്തിറക്കിയാണ് ഈ കൊച്ചുമിടുക്കി നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. one world, one life, one you, be you എന്നാണ് പുസ്കത്തിന് പേരിട്ടിരിക്കുന്നത്.
ദുഖിച്ചിരിക്കാനും സങ്കടപ്പെടുവാനും ജീവിതത്തില്‍ പല കാരണങ്ങളുമുണ്ടാകാം. അവയെ മറികടക്കാനാവുക സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോഴാണ്. പിതാവിന്റെ അനശ്വരമായ ഓര്‍മകള്‍ മനസിനെ തരളിതമാക്കിയപ്പോഴാണ് വൈകാരിക വിസ്ഫോടനത്തിന്റെ മനോഹരമായ വരികള്‍ സമീഹയുടെ പേനയില്‍ നിന്നും ഉതിര്‍ന്നുവീണത്.
ജീവിതം സമ്മര്‍ദ്ധങ്ങളില്‍പ്പെട്ട് പ്രയാസപ്പെടുമ്പോള്‍ മനസിന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് ആനന്ദം കണ്ടെത്തുകയും സമാധാനാന്തരീക്ഷം പുനസ്ഥാപിക്കുകയും ചെയ്യണമെന്നാണ് ഈ കൊച്ചു കവയിത്രി നമ്മോട് പറയുന്നത്.
ഓരോരുത്തരും നിസ്തുലരാണെന്നും അനാവശ്യമായ താരതമ്യങ്ങളില്ലാതെ നിങ്ങള്‍ നിങ്ങളാകൂ എന്നവള്‍ മന്ത്രിക്കുമ്പോള്‍ ഉള്ളിലുയരുന്ന തീപ്പൊരി കെടുത്താന്‍ ഒരു കണ്ണുനീരിനും ശക്തിയില്ലെന്ന് ജീവിതത്തിലൂടെ ബോധ്യപ്പെടുത്തുകയാണ് സമീഹ. ഉള്‍വിളി തിരിച്ചറിഞ്ഞ് സ്വപ്നത്തിന്റെ ചിറകിലേറി ലക്ഷ്യത്തിലേക്ക് കുതിക്കുവാന്‍ ആഹ്വാനം ചെയ്യുന്നതാണ് സമീഹയുടെ ഓരോ വരിയും. മനസ്സിന്റെ ചില്ലയിലേക്ക് മഴക്കാറു വീശുമ്പോഴേ പേനയും കടലാസും കയ്യിലെടുത്ത് പ്രതീക്ഷയുടേയും പ്രത്യാശയുടേയും മനോഹരമായ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്ന ഈ പെണ്‍കുട്ടി എല്ലാ പരീക്ഷകളെയും പരീക്ഷണങ്ങളെയും വകഞ്ഞുമാറ്റി സര്‍ഗസഞ്ചാരത്തിന്റെ പുതിയ ലോകം സൃഷ്ടിക്കാമെന്നാണ് തെളിയിക്കുന്നത്
ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് എ.പി, മണികണ്ടന്, നിയുക്ത പ്രസിഡണ്ട് പി. എന്‍. ബാബുരാജന്, ഐ.സി.ബി.എഫ്. നിയുക്ത പ്രസിഡണ്ട് സിയാദ് ഉസ്മാന്, സി.ഐ.സി. പ്രസിഡണ്ട് കെ.ടി. അബ്ദുറഹിമാന്, മുന്‍ പ്രസിഡണ്ട് കെ.സി. അബ്ദുല്‍ ലത്തീഫ്, ബ്രില്യന്റ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ്, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹംസ വി.വി, യൂഗോ പേ വേ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന് കരിഞ്ചോല, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, റേഡിയോ മലയാളം മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പറേറ്റ് റിലേഷന്‍സ് മേധാവി നൗഫല്‍ അബ്ദുറഹിമാന്, കള്‍ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി റഷീദ് അലി, നടുമുറ്റം ഖത്തര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ആബിദ സുബൈര്‍, കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന് വനിതാ കണ്‍വീനര്‍ ഫെമി ഗഫൂര്‍, റഹീപ് മീഡിയ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ മുഹമ്മദ് ഷാഫി, അല്‍ സഹീം ആര്‍ട്സ് & ഈവന്റ്സ് ബിസിനസ് ഡയറക്ടര്‍ ഗഫൂര്‍ കോഴിക്കോട്, സമീഹയുടെ സഹോദരന് ഹിഷാം ജുനൈദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും ഇന്ത്്യന്‍ സ്പോര്‍ട്സ് സെന്റര്‍ നിയുക്ത പ്രസിഡണ്ടുമായ ഡോ. മോഹന്‍ തോമസും, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്മാന് കെ. എം. വര്‍ഗീസും ഓണ്‍ ലൈനായി പ്രകാശന ചടങ്ങില്‍ സാന്നിധ്യം ഉറപ്പിച്ചപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അപെക്സ് ബോഡി നേതാക്കളുടെയും സാമൂഹ്യ രംഗത്തെ പ്രമുഖരുടേയും സാന്നിധ്യം പ്രകാശന ചടങ്ങിനെ സവിശേഷമാക്കി.
ന്യൂസ് ഡെസ്ക് മീഡിയ വിങ്സ്