റിയാദ് : റിയാദിലെ സാമൂഹിക, സംസ്‍കാരിക, രാഷ്ട്രീയ ജീവകാരുണ്യ മേഖലകളിലെ നിറ സാന്നിധ്യവും, ഒ.ഐ.സി.സി സൗദി ദേശീയ ജനറൽ സെക്രട്ടറിയുമായ സത്താർ കായംകുളം (58) നിര്യാതനായി. പക്ഷാഘാതം ബാധിച്ച് മൂന്നര മാസത്തോളമായി റിയാദിലെ ശുമൈസി കിംങ് സഊദ് ആശുപത്രിയിൽ തീവ്ര പരിചരണത്തിൽ കഴിയുകയായിരുന്നു, ഈ മാസം 18 -ന് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ആലപ്പുഴ ജില്ലയിൽ കായംകുളം എരുവ കൊല്ലന്റയ്യത്ത് പരേതനായ ജലാലുദ്ദീന്‍റെയും ആയിശാ കുഞ്ഞിന്റെയും മകനാണ്. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പോഷക സംഘടനയായ ഒ.ഐ.സി.സി പ്രസ്ഥാനത്തിന് റിയാദിൽ തുടക്കം കുറിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. റിയാദിലെ സാംസ്‌കാരിക രാഷ്ട്രിയ രംഗങ്ങളില്‍ നിറഞ്ഞു നിന്ന സത്താര്‍ കായംകുളം റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയായ എൻ.ആർ.കെ ഫോറത്തിന്റെ വൈസ് ചെയർമാൻ, പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക്കയുടെ ചെയർമാൻ, എം.ഇ.എസ്. റിയാദ് ചാപ്റ്റർ സ്കോളർഷിപ്പ് വിംങ് കൺവീനർ, കായകുളം പ്രവാസി അസോസിയേഷൻ (കൃപ ) രക്ഷാധികാരി എന്നീ പദവികൾ വഹിക്കുന്നു. 32 വർഷമായി റിയാദിൽ പ്രവാസിയാണ്, 27 വർഷത്തോളമായി അൽ റിയാദ് ഹോൾഡിങ് കമ്പനിയിലെ ജീവനക്കാരാനായിരുന്നു. മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള നടപടി ക്രമങ്ങളുമായി സംഘടനാ പ്രവർത്തകരും, സുഹൃത്തുക്കളും രംഗത്തുണ്ട്.
ഭാര്യ: റഹ്മത്ത്, മക്കൾ: നജ്മ (എം.ബി.ബി.എസ് വിദ്യാർത്ഥിനി ബംഗളൂർ), നബീൽ മുഹമ്മദ്,നജ്‌ല.