ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും : സതീദേവി

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വനിതാ കമ്മിഷന്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ ത്രിതല പഞ്ചായത്തുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന ജാഗ്രതാ സമിതികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. വനിതാ കമ്മിഷന്‍ അധ്യക്ഷയായി ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അഡ്വ. പി. സതീദേവി.

സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ സ്ത്രീധനത്തിനുവേണ്ടി സ്ത്രീകളെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന പ്രവണത കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ സ്ത്രീധനത്തിനെതിരായ കാംപെയ്ന്‍ വനിതാ കമ്മിഷന്‍, വനിതാ ശിശു വികസന വകുപ്പ്, സാംസ്‌കാരിക വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ വ്യാപകമായി സംഘടിപ്പിച്ചുവരുന്നു. പെണ്‍കുട്ടികളെ ‘കെട്ടിച്ചയക്കുന്നു’ എന്ന രീതിയില്‍ വിവാഹപ്പന്തതിലേക്ക് തള്ളിവിടുകയല്ല വേണ്ടത് അവള്‍ക്ക് പരമാവധി ഉന്നത വിദ്യാഭ്യാസം നല്‍കി അവള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ് ആര്‍ജിക്കുന്നതിനുള്ള സഹായം ഒരുക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്.

കോളജുകളില്‍ ചേരുന്നതിനും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും സ്ത്രീധനം വാങ്ങുകയില്ലെന്ന സത്യവാങ്മൂലം വിദ്യാര്‍ഥികള്‍ നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം ശ്ലാഘനീയമാണ്.

സമൂഹത്തിലെ ലിംഗപരമായ അസമത്വം ഇല്ലാതാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതിയിലുള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എങ്കിലും ലിംഗപരമായ അസമത്വം പൂര്‍ണമായും അവസാനിച്ചു എന്നു പറയാറായിട്ടില്ല. തൊഴിലിടങ്ങളില്‍ തുല്യജോലിക്ക് തുല്യവേതനം എന്ന അവകാശം പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്.

ജുഡീഷ്യറിയിലൂള്‍പ്പെടെ ലിംഗപരമായ സമത്വത്തിനായി പ്രയത്‌നിക്കേണ്ടതുണ്ട്. അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള കേരള വനിതാ കമ്മിഷന് സ്ത്രീകളുടെ അവകാശ പരിരക്ഷ കൂടുതല്‍ ഉറപ്പുവരുത്താന്‍ ഉതകുന്ന വിധത്തില്‍ കമ്മിഷന്‍ ആക്ട് ഭേദഗതി വരുത്തുന്നതിന് നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

രാവിലെ 9.50 ഓടെ കമ്മിഷന്‍ ആസ്ഥാനത്തെത്തിയ അഡ്വ. പി. സതീദേവിയെ മെമ്പര്‍ സെക്രട്ടറി പി. ഉഷാറാണിയും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഓഫീസിലെത്തിയ അധ്യക്ഷയെ കമ്മിഷന്‍ അംഗങ്ങളായ അഡ്വ.എം.എസ്.താര, അഡ്വ. ഷിജി ശിവജി. ഷാഹിദാ കമാല്‍ എന്നിവര്‍ സ്വകരിച്ചു.

spot_img

Related Articles

Latest news