കൊച്ചി: പി സി ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി എറണാകുളം – അങ്കമാലി അതിരൂപതയുടെ മുഖപത്രം. വിവിധ ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ക്കും സത്യദീപത്തിന്റെ മുഖ പ്രസംഗത്തില്‍ കടുത്ത വിമര്‍ശനമുണ്ട് .ഡാന്‍സ് വിവാദത്തിലൂടെ ശ്രദ്ധിക്കപ്പെട്ട തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീനും, ജാനകിക്കും പിന്തുണ അറിയിച്ചുള്ള മുഖപ്രസംഗത്തിലാണ് ഈ പരാമര്‍ശങ്ങള്‍.
മതേതരത്വം വേണ്ടന്ന നിലപാടിലേക്ക് ചില തീവ്രവാദികള്‍ കത്തോലിക്കാ സഭയെ പോലും വലിച്ചിഴക്കുന്ന കാലമാണെന്നും , ന്യൂനപക്ഷ അവകാശത്തിനും അപ്പുറമാണ് മതേതരത്വം എന്ന് സഭാ നേതൃത്വം മനസിലാക്കണമെന്നും, നേട്ടത്തിനായി ഇത്തരം വിവാദങ്ങളെ ഉപയോഗിക്കുന്ന രാഷ്ട്രിയ നേതൃത്വമാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നതെന്നും സത്യദീപം മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
ചുവട് തെറ്റുന്ന മതേതരത്വം എന്ന പേരില്‍ സത്യദീപത്തിന്റെ പുതിയ ലക്കം മുഖപ്രസംഗത്തിലാണ് ന്യൂനപക്ഷ അവകാശങ്ങളിലുള്‍പ്പെടെ കെ സി ബി സി അടക്കമുള്ള ക്രൈസ്തവ കൂട്ടായ്മകള്‍ എടുത്ത നിലപാടുകളെ സത്യദീപം വിമര്‍ശിക്കുന്നത്. ഒപ്പം സംസ്ഥാനത്തെ രാഷ്ട്രിയ കക്ഷികളേയും സത്യദീപം വിമര്‍ശിക്കുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡാന്‍സ് വിവാദം മുന്‍നിര്‍ത്തി എഴുതിയ മുഖപ്രസംഗത്തില്‍ നവീനും , ജാനകിക്കും ഒപ്പം എന്ന് പ്രഖ്യാപിക്കുകയാണ് മുഖപ്രസംഗം.
കേരളത്തിനിതുവരെയും പരിചിതമല്ലാതിരുന്ന ഭീതിയുടെ അന്തരീഷം സൃഷ്ടിക്കുകയാണ് ചിലരെന്നും ഇതിന്റെ വിപണി സാധ്യത പരമാവധി ഉപയോഗപ്പെടുത്തുകയാണ് രാഷ്ട്രിയ നേതൃത്വമെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അയ്യപ്പന് വേണ്ടി ചെയ്തതും, ചെയ്യാത്തതും എന്നിങ്ങനെ രണ്ടായി തിരിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു ഇവിടുത്തെ മുന്നണികള്‍ എന്ന് മുഖപത്രം പറയുന്നു.
മതേതരത്വത്തെ ഇനി ചേര്‍ത്തു പിടിക്കേണ്ട എന്ന ചിന്ത ക്രൈസ്തവ സമൂഹത്തിനു മേല്‍ കെട്ടിവയ്ക്കാന്‍ ചിലയിടങ്ങളില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖപ്രസംഗം പറയുന്നു. ന്യൂനപക്ഷ അവകാശ സംരക്ഷണം അടക്കമുള്ള വിഷയങ്ങളില്‍ വിവിധ ക്രൈസ്തവ സംഘടനകള്‍ നടത്തുന്ന കണക്ക് ചോദിക്കലുകളെയും മുഖ പ്രസംഗം ചോദ്യം ചെയ്യുന്നു.
കണക്ക് ചോദിക്കുന്നത് കണക്ക് തീര്‍ക്കാനാകരുതെന്നും മുഖപ്രസംഗം താക്കിത് നല്‍കുന്നു. ഇന്ത്യയെ ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണമെന്ന പി.സി.ജോര്‍ജിന്റെ വാക്കുകള്‍ വിഷ വ്യാപനത്തിന്റെ വേരുകള്‍ എവിടെ എത്തി എന്നതിന്റെ തെളിവാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.