ന്യൂഡല്‍ഹി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ക്യാപ്റ്റന്‍ സതീഷ് ശര്‍മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഗാന്ധി കുടുംബം. രാഹുല്‍ ഗാന്ധി സതീഷ് ശര്‍മയുടെ ശവമഞ്ചം ചുമലിലേറ്റി നടന്നപ്പോള്‍ കണ്ണീരോടെ കൂപ്പു കൈകളുമായി പ്രിയങ്കാ ഗാന്ധിയും അച്ഛന്റെ പ്രിയ സുഹൃത്തിന് വിട നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ ശവമഞ്ചം ചുമലിലേറ്റി നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ പങ്കുവച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
രാജീവ് ഗാന്ധിയോടെന്ന പോലെ ആഴത്തിലുള്ള സൗഹൃദം സതീഷ് ശര്‍മ രാഹുലുമായും കാത്തു സൂക്ഷിച്ചിരുന്നു. ആ ഹൃദയബന്ധത്തിന് കൂടിയാണ് ഈ ആദരം. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. എയര്‍ലൈന്‍ പൈലറ്റായിരുന്ന അദ്ദേഹം രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു. 1983ല്‍ രാജീവ് രാഷ്ട്രീയത്തിലേക്കിറങ്ങിയതിനൊപ്പം സതീഷ് ശര്‍മയും രാഷ്ട്രീയത്തിലെത്തി.
1993 മുതല്‍ 96 വരെ പി.വി.നരസിംഹറാവു മന്ത്രിസഭയില്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രിയായിരുന്നു അദ്ദേഹം. മൂന്നു തവണ വീതം ലോക്‌സഭയില്‍നിന്നും രാജ്യസഭയില്‍നിന്നുമായി ആറു തവണ പാര്‍ലമെന്റംഗമായി. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി അറിയപ്പെട്ട അദ്ദേഹം റായ്ബറേലി, അമേഠി എന്നിവിടങ്ങളില്‍നിന്നാണ് എംപിയായത്. 1984 ല്‍ രാജീവ് പ്രധാനമന്ത്രിയായതോടെ രാഷ്ട്രീയരംഗത്ത് ശക്തമായി നിലയുറപ്പിച്ച സതീഷ് ശര്‍മ കുറച്ചു വര്‍ഷം മുന്‍പുവരെ സജീവമായിരുന്നു.