ഡോ ആർ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ ആരോപണ വിധേയയായ കലാമണ്ഡലം സത്യഭാമ ബിജെപി അംഗമാണെന്ന് വാദിച്ച് സോഷ്യല്‍ മീഡിയ.
2019ല്‍ അംഗത്വം സ്വീകരിച്ചതായി ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ വാദം. എന്നാല്‍ ഈ പോസ്റ്റ് ബിജെപി മുക്കിയതായാണ് ആക്ഷേപം. ബിജെപി മുക്കിയ ഈ പോസ്റ്റ് പൊടി തട്ടി എടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മുൻ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീധരൻ പിള്ളയുടെ കയ്യില്‍ നിന്ന് സത്യഭാമ അംഗത്വം സ്വീകരിക്കുന്നതാണ് പോസ്റ്റിൻ്റെ ഉള്ളടക്കം. സത്യഭാമ അംഗത്വം സ്വീകരിക്കുന്ന പോസ്റ്റും ഫോട്ടോയുമാണ് പ്രചരിക്കുന്നത്.
എന്നാല്‍ പ്രചരിക്കുന്നത് വെറും ഫോട്ടോ ഷോപ്പ് ആണെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചതെങ്കിലും ഇതിൻ്റെ വീഡിയോ സഹിതം തെളിവ് പുറത്ത് വന്നത് ബിജെപിയെ പ്രതിരോധത്തിലാക്കി. മാത്രമല്ല ബിജെപിയുടെ ശബരിമല നിരാഹാര സമരപ്പന്തലിലും സത്യഭാമ സജീവമായി ഉണ്ടായിരുന്നു. ഈ ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സത്യഭാമയെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനും ബിജെപി നേതാവ് കൃഷ്ണദാസും നേരത്തെ രംഗത്തെത്തിയിരുന്നു. സത്യഭാമയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മുഴുവനും ബിജെപി അനുകൂല പോസ്റ്റുകളാണ്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് സത്യഭാമ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.
സത്യഭാമയെ പിന്തുണച്ച് ബിജെപി നേതാവ് പി സി ജോർജും രംഗത്ത് വന്നിരുന്നു. സത്യഭാമ പറഞ്ഞതില്‍ സത്യമുണ്ടെന്നാണ് പി സി ജോർജ് പറഞ്ഞത്. വെളുത്ത പെണ്ണിന് കറുത്ത പെണ്ണിനേക്കാള്‍ പ്ലസ് ഉണ്ടെന്നും കറുത്ത പെണ്ണിനെ നല്ലവണ്ണം മേക്കപ്പ് ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം. ഇതോടെ സത്യഭാമക്ക് ബിജെപി നേതാക്കളുടെ പിന്തുണയുണ്ടെന്ന വാദവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.