റിയാദ് : പരീക്ഷാഹാളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ മുഖം പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രം (അബയ) ധരിക്കുന്നത് സൗദി അറേബ്യ നിരോധിച്ചു.
വിദ്യാഭ്യാസ മന്ത്രാലയവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിശീലന സംവിധാനങ്ങളുടെയും ചുമതല വഹിക്കുന്ന സൗദി വിദ്യാഭ്യാസ പരിശീലന വിലയിരുത്തല്‍ കമ്മിഷനാണ് പുതിയ തീരുമാനമെടുത്തത്. പരീക്ഷാഹാളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രം ധരിക്കാന്‍ അനുവദിക്കില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
പരീക്ഷാഹാളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ സ്കൂള്‍ യൂണിഫോം ധരിക്കണം. എന്നാല്‍ വസ്ത്രധാരണത്തില്‍ പൊതുവെ മാന്യമായ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കമ്മിഷന്‍ വ്യക്തമാക്കി. രാജ്യത്ത് നിരവധി സ്ത്രീകള്‍ അബയ ധരിക്കുന്നത് തുടരുന്നുണ്ടെങ്കിലും അബയ ഇനി നിര്‍ബന്ധിച്ച് നടപ്പാക്കില്ലെന്ന് സൗദി 2018ല്‍ പ്രഖ്യാപിച്ചിരുന്നു. കറുത്ത നിറത്തിലെ അയഞ്ഞ ശിരോവസ്ത്രമാണ് അബയ. കൈയും തലയും കാലും ഉള്‍പ്പെടെ ശരീരം മുഴുവന്‍ ഇത് മറയ്ക്കും. ഇളംനീല, പിങ്ക് നിറത്തിലുള്ള അബയയും ഉപയോഗിക്കാറുണ്ട്.