സൗദി അറേബ്യ കൊവിഡിനെ മറികടന്ന ആദ്യ രാജ്യങ്ങളിലൊന്നായി മാറി: ആരോഗ്യമന്ത്രാലയം

രാജ്യം കൊവിഡ് മുക്തമായതോടെ ഇതുസംബന്ധിച്ച വിശകലനവും വാര്‍ത്താസമ്മേളനവും നിര്‍ത്തലാക്കിയിട്ടുണ്ടെന്നും ഇതോടെ സൗദി അറേബ്യ കൊവിഡിനെ മറികടന്ന ആദ്യ രാജ്യങ്ങളിലൊന്നായി മാറിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യ സഹമന്ത്രിയും മന്ത്രാലയ വക്താവുമായ ഡോ. മുഹമ്മദ് അബ്ദു അല്‍ അലിയാണ് കൊവിഡ് വിശകലനത്തിനും ദൈനംദിന വാര്‍ത്തസമ്മേളനത്തിനും നേതൃത്വം നല്‍കിയിരുന്നത്. രാജ്യത്ത് ആദ്യകൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് 2020 മാര്‍ച്ച് രണ്ടിനാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കൊവിഡുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ വിശദീകരിച്ച ആരോഗ്യവക്താവിന്റെ അവസാനത്തെ വാര്‍ത്താസമ്മേളനം നടന്നത്.

കൊവിഡ് മഹാമാരിയെ രാജ്യം വിജയകരമായി മറികടന്നെന്നും ഇനി ജനജീവിതം സാധാരണ നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടായ ആദ്യ നിമിഷം മുതല്‍ അതിനെ നേരിടാന്‍ സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ വന്‍ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. ഇതിന്റെ ഫലമായാണ് കൊവിഡിനെ പിടിച്ചുകെട്ടാനായത്.

വാക്സിന്‍ ദേശീയപദ്ധതി രോഗത്തിന്റെ ഫലങ്ങള്‍ ലഘൂകരിക്കുന്നതിലും വ്യാപനം പരിമിതപ്പെടുത്തുന്നതിലും നല്ല സ്വാധീനം ചെലുത്തി. മഹാമാരിയെ മറികടന്ന് രാജ്യം വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തിയതായും കൊവിഡ് നിയന്ത്രണവിധേയമാകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറിയെന്നും ആരോഗ്യവക്താവ് വ്യക്തമാക്കി.

മുന്‍ ആഴ്ചകളെ അപേക്ഷിച്ച് രാജ്യത്ത് കൊവിഡ് കേസുകള്‍ 95 ശതമാനം കുറഞ്ഞിരിക്കുകയാണ്. അതേ കാലയളവില്‍ ഗുരുതരമായ കേസുകളുടെ എണ്ണത്തില്‍ 62 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിന്റെ ഉയര്‍ന്ന അവബോധം, പ്രതിരോധ കുത്തിവെയ്പ്പുകള്‍ എന്നിവയുടെ ഫലമായി ഇനിയും കൊവിഡ് കേസുകള്‍ കുറയുമെന്നാണ് വിലയിരുത്തല്‍.

spot_img

Related Articles

Latest news