സൗദിയിലെ ജയിലുകളില്‍ കഴിഞ്ഞിരുന്ന 163 ഹൂതി തടവുകാരെ മോചിപ്പിച്ചു. ജയില്‍ മോചിതരായ തടവുകാരെ മൂന്ന് പ്രത്യേക വിമാനങ്ങളില്‍ യെമനിലെത്തിച്ചു. തടവുകാര്‍ക്കായുള്ള പ്രത്യേക ഉപാധികളൊന്നും തന്നെ ഇല്ലാതെയാണ് സൗദി ഭരണകൂടം ഹൂതി തടവുകാരെ മോചിപ്പിച്ചത്.
മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് നടപടി. റെഡ് ക്രോസിന്റെ വിമാനങ്ങളിലാണ് തടവുകാരെ യെമനിലെത്തിച്ചത്. മാനുഷിക പരിഗണന കണക്കിലെടുത്ത് ഹൂതി വിമതരെ മോചിപ്പിക്കുമെന്ന് നേരത്തെ സൗദി ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. സൗദിക്കെതിരെ ഹൂതികള്‍ നടത്തിയ ആക്രമണങ്ങളില്‍ പങ്കാളികളായവര്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ ഈ കൂട്ടത്തിലുണ്ട്.
യുഎന്നിന്റെ നേതൃത്വത്തില്‍ യെമനില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. റമദാന്‍ കാലത്തിന്റെയും സമാധാന ചര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ യെമനില്‍ രണ്ടുമാസത്തെ വെടിനിര്‍ത്തല്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മാസം മുന്‍പ് യെമനില്‍ നടന്ന സമാധാന ചര്‍ച്ചയെ തുടര്‍ന്ന് യെമന്‍ പ്രസിഡന്റ് അധികാരം ഒഴിയുകയും വൈസ് പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.