ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വില്‍ക്കാന്‍ പാടില്ലെന്ന് സൗദി കസ്റ്റംസ്

ജിദ്ദ: സൗദി അറേബ്യയിലെ എയര്‍പോര്‍ട്ടുകളിലും മറ്റ് അതിര്‍ത്തി കവാടങ്ങളിലും പ്രവര്‍ത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി.

ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുസൃതമായാണ് തീരുമാനമെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് അറബ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങള്‍ക്കായുള്ള ഏകീകൃത കസ്റ്റംസ് നിയമമനുസരിച്ച്‌ വ്യോമ, കടല്‍, കര കവാടങ്ങളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളും വ്യവസ്ഥകളും നടപടിക്രമങ്ങളും സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി വെള്ളിയാഴ്ചയാണ് നിശ്ചയിച്ചത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആവശ്യകതകള്‍, നടത്തിപ്പ് ലൈസന്‍സുകള്‍, മറ്റ് അനുബന്ധ നിയന്ത്രണങ്ങള്‍ എന്നിവ നിര്‍ണയിച്ചതിലുള്‍പ്പെടും.

വ്യോമ, കടല്‍, കര കവാടങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്കും പുറത്തുപോകുന്നവര്‍ക്കുമായി ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് അതിനാവശ്യമായ നിയമങ്ങളും വ്യവസ്ഥകളും രൂപവത്കരിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. യാത്രാക്കാര്‍ക്ക് ആവശ്യമായ ഷോപ്പിങ്ങിന് ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ അനുയോജ്യമാക്കാനും വിപുലപ്പെടുത്താനും ഈ നിയമവ്യവസ്ഥ സഹായിക്കും.

അതോടൊപ്പം ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ പ്രാദേശിക കമ്ബനികള്‍ക്ക് വില്‍പ്പന സൗകര്യം ഒരുക്കുന്നതിലൂടെ അത് ദേശീയ ഉല്‍പന്നങ്ങളുടെ പ്രമോഷനെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യും. നിലവില്‍ ജിദ്ദ, റിയാദ്, ദമ്മാം, മദീന വിമാനത്താവളങ്ങളിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലെ പാസഞ്ചേഴ്സ് ഹാളിലാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കൂടുതല്‍ കവാടങ്ങളില്‍ ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ വിപുലീകരിക്കാന്‍ കസ്റ്റംസ് ശ്രമിക്കും.

രാജ്യത്ത് വില്‍പന നടത്താന്‍ അനുമതിയുള്ള ഉല്‍പ്പന്നങ്ങള്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ വില്‍പനക്ക് വെക്കാനാവും. ഏകീകൃത കസ്റ്റംസ് നിയമത്തിലെ ഫ്രീ മാര്‍ക്കറ്റ് നിയമമനുസരിച്ച്‌ കസ്റ്റംസ് തീരുവകളില്‍നിന്നും മറ്റ് നികുതികളില്‍നിന്നും ഒഴിവാക്കലിന് വിധേയമാണ്. നികുതിയിളവ് സംവിധാനങ്ങള്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ സ്ഥാനം (അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളിലെ) അനുസരിച്ച്‌ ഓരോ രാജ്യത്തും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും അതോറിറ്റി വ്യക്തമാക്കി.

spot_img

Related Articles

Latest news