സഊദിയില്‍ വിദേശികള്‍ക്ക് വ്യാപകമായി തൊഴില്‍ നഷ്ടപ്പെടും

ഈ വര്‍ഷം മാത്രം മുപ്പതിലധികം തൊഴില്‍ മേഖലകളിലായി രണ്ട് ലക്ഷത്തിലധികം സ്വദേശികള്‍ക് തൊഴില്‍ ലക്ഷ്യം

റിയാദ്: സഊദിയിലെ വിദേശികള്‍ക്ക് കൂടുതല്‍ ഭീഷണിയാകുന്ന നിലയില്‍ സഊദി വത്കരണ പദ്ധതിയുമായി സഊദി തൊഴില്‍ മന്ത്രാലയം. ഈ വര്‍ഷം തന്നെ മുപ്പതിലധികം തൊഴിലുകളില്‍ സഊദി വത്കരണം നടപ്പിലാക്കുന്നതടക്കം ശക്തമായ നടപടികള്‍ക്കാണ് മന്ത്രാലയം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം നടപ്പിലാക്കുന്ന ആറ് മേഖലകളിലായി നാല്‍പതിനായിരത്തിലധികം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാണ് മന്ത്രാലയ നീക്കം. ഇക്കാര്യം മാനവ വിഭവശേഷി മന്ത്രി എന്‍ജി. അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹിയാണ് വെളിപ്പെടുത്തിയത്.

നിയമവുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടിങ്, ലോയേഴ്സ് ഓഫീസ്, കസ്റ്റംസ് ക്ലിയറന്‍സ്, റിയല്‍ എസ്റ്റേറ്റ്, സിനിമ വ്യവസായം, ഡ്രൈവിങ് സ്കൂളുകള്‍ എന്നിവയിലെയും ടെക്നിക്കല്‍, എന്‍ജിനീയറിങ് മേഖലയിലേയും ജോലികളിലാണ് പുതുതായി സ്വദേശിവത്കരണം ഏര്‍പ്പെടുത്തുന്നത്. ഇതോടെ ഈ രംഗങ്ങളില്‍ തൊഴിലെടുക്കുന്ന നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും.

ഇതിന് പുറമെയാണ് 2021 ല്‍ തന്നെ സഊദികള്‍ക്കായി രണ്ട് ലക്ഷത്തി മുവായിരത്തിലധികം തൊഴിലവസരങ്ങള്‍ ഒരുക്കുന്നത്.

മെഡിക്കല്‍ ഡിവൈസ് സെക്റ്റര്‍, ഹെല്‍ത്ത് സെക്റ്ററിലെ പുതിയ പ്രഫഷനുകള്‍, മാര്‍ക്കറ്റിംഗ് പ്രഫഷനുകള്‍, കാള്‍ സെന്‍്റര്‍, എട്ട് വിഭാഗം സെയില്‍സ് ഔട്ട്ലറ്റുകള്‍, റേഡിയോളജി പ്രഫഷന്‍, ഫിസിയോതെറാപ്പി, ലാബോറട്ടറി പ്രഫഷന്‍, അഡ്മിനിസ്‌ട്രെറ്റീവ് സപ്പോര്‍ട്ട് പ്രൊഫഷന്‍, ഇന്‍ഷൂറന്‍സ് ആന്റ് റെമിറ്റന്‍സ്, ലൈസന്‍സ്ഡ് ഏവിയേഷന്‍ പ്രൊഫഷന്‍, റിക്രൂട്ട്മെന്റ് സെക്റ്റര്‍, എന്റർടെയിന്മെന്റ് സെക്റ്റര്‍, മെട്രോ, കണ്‍സല്‍ട്ടിംഗ്, മീഡിയ, തുടങ്ങിയ മേഖലകളും സൗദിവത്ക്കരണ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

ഇതോടൊപ്പം തന്നെ, റിയാദ്, അല്‍ബഹ, മദീന പ്രവിശ്യകള്‍ കേന്ദ്രീകരിച്ചുള്ള സ്വദേശിവത്ക്കരണവും പ്രാബല്യത്തില്‍ വരും. ഇതെല്ലാം കൂട്ടിയാണ് മന്ത്രാലയം ഇത്രയധികം തൊഴിലുകളില്‍ സഊദിവത്കരണം ലക്ഷ്യമിടുന്നത്.

spot_img

Related Articles

Latest news