സൗദിയുടെ അന്താരാഷ്ട്ര യാത്രാവിലക്കിന് നാളെ മുതൽ വിരാമം

കര, നാവിക, വ്യോമ അതിർത്തികൾ സജ്ജം

റിയാദ് -കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാനിരോധനം സൗദി അറേബ്യ പിൻവലിക്കുന്നു. നാളെ മുതൽ സൗദിയുടെ എല്ലാ അതിർത്തികളും തുറക്കും.

യാത്രയുദ്ദേശിക്കുന്ന രാജ്യങ്ങളിലെ മാനദണ്ഡങ്ങളും വ്യവസ്ഥകളും യാത്രക്കാർ അറിഞ്ഞിരിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിവിധ എയർലൈനുകൾ ആവശ്യപ്പെട്ടു.

സൗദി അറേബ്യൻ പൗരന്മാർക്കാണ് ഇതുവരെ സൗദിയിൽനിന്ന് അന്താരാഷ്ട്ര യാത്രാവിലക്കുണ്ടായിരുന്നത്. അത്യാവശ്യമുള്ളവർക്ക് നിബന്ധനകൾക്ക് വിധേയമായി യാത്ര അനുവദിക്കുകയും ചെയ്തിരുന്നു.

എന്നാൽ വിദേശി പൗരന്മാർക്ക് സൗദിക്ക് പുറത്തേക്ക് എപ്പോഴും പോകാമായിരുന്നുവെങ്കിലും തിരിച്ചുവരുന്നതിന് ചില നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരെ സ്വീകരിക്കാൻ കര, നാവിക, വ്യോമ അതിർത്തികളെല്ലാം സജ്ജമായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. റിയാദിലെയും ജിദ്ദയിലെയും ദമാമിലെയും വിമാനത്താവളങ്ങളിൽ മന്ത്രിമാരുൾപ്പെടെയുള്ളവർ പരിശോധന നടത്തി ഒരുക്കങ്ങൾ വിലയിരുത്തി.

വിദേശത്തേക്ക് പോകാൻ ഉദ്ദേശിക്കുന്നവരുടെ തവക്കൽനാ ആപ്ലിക്കേഷൻ സ്റ്റാറ്റസ് അതത് അതിർത്തി കവാടങ്ങളിൽ പരിശോധിക്കും.

സൗദി-ബഹ്‌റൈൻ അതിർത്തിയിലെ കിംഗ് ഫഹദ് കോസ്‌വേയിൽ സൗദികൾക്കും വിദേശികൾക്കും വെവ്വേറെ ലൈനുകൾ ഏർപ്പെടുത്തി. ഇടത് ഭാഗത്തെ ലൈനുകൾ സൗദികൾക്കും വലതുഭാഗത്തെ ലൈനുകൾ വിദേശികൾക്കുമാണ് നിശ്ചയിച്ചിരിക്കുന്നത്.

പുറത്ത് നിന്ന് വരുന്ന സൗദികൾക്ക് കാര്യമായ നിബന്ധനകളൊന്നുമില്ലെങ്കിലും വിദേശികൾ 72 മണിക്കൂർ മുമ്പെടുത്ത പി.സി. ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് അതിർത്തിയിൽ കാണിക്കേണ്ടിവരും.

സൗദി എയർലൈൻസ് ആദ്യഘട്ടത്തിൽ 43 അന്താരാഷ്ട്ര റൂട്ടുകളിലേക്കും 28 ആഭ്യന്തര സെക്ടറുകളിലേക്കുമാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ സർവീസ് ആരംഭിക്കുന്നതിന് മുമ്പായി വിമാനങ്ങൾ യു. വി. സി സംവിധാനമുപയോഗിച്ച് അണുവിമുക്തമാക്കും.

സൗദിക്ക് പുറത്തേക്ക് പോകാനുദ്ദേശിക്കുന്ന യാത്രക്കാരുടെ തവക്കൽനാ ആപ്ലിക്കേഷൻ സ്റ്റാറ്റസ് വിമാനത്താവളത്തിൽ പരിശോധിക്കുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു. കോവിഡ് ബാധിച്ചിട്ടില്ല, രോഗം ഭേദമായി പ്രതിരോധനനില കൈവരിച്ചവർ, വാക്‌സിനെടുത്തവർ എന്നിങ്ങനെ സ്റ്റാറ്റസുള്ളവർക്ക് പുറത്തുപോകുന്നതിന് വിരോധമില്ല.

രോഗബാധിതർക്ക് യാത്രക്ക് അനുമതിയുണ്ടാകില്ല. ഒരു ഡോസ് വാക്‌സിനെടുത്തവർക്ക് 14 ദിവസം കഴിഞ്ഞ് തവക്കൽനായിൽ പുതിയ സ്റ്റാറ്റസ് വന്നതിന് ശേഷമേ യാത്ര ചെയ്യാനാവൂ.

ഓരോ രാജ്യങ്ങളുടെയും പ്രവേശന നിബന്ധനകൾ തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സൗദി എയർലൈൻസ് വക്താവ് പറഞ്ഞു.

യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് മാത്രമേ ഓരോ സെക്ടറിലും കൂടുതൽ സർവീസ് നടത്തുകയുള്ളൂ. എന്നാൽ ഇന്ത്യ, യു.എ.ഇ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള സർവീസിനുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.

അതേസമയം വ്യാഴാഴ്ച മുതൽ സൗദിയിലെത്തുന്ന വിദേശികൾ ഏഴു ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ സൗകര്യം കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. വിവിധ എയർലൈനുകൾ വഴിയാണ് ക്വാറന്റൈൻ സൗകര്യം കണ്ടെത്തേണ്ടത്.

ന്യൂസ് ഡെസ്ക് മീഡിയ വിങ്ങ്സ്.

spot_img

Related Articles

Latest news