റിയാദ്: ഉംറ നിര്‍വഹിക്കാനെത്തുന്നവര്‍ നുസുക് ആപ്പ് ഉപയോഗിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഉംറ പെര്‍മിറ്റുകള്‍ നല്‍കുന്നതിനായി അനുവദിച്ചിരുന്ന ഇഅ്തമര്‍നാ ആപ്പിന് പകരമായാണ് നുസുക് ആപ്പ് അവതരിപ്പിച്ചത്.
ഏത് രാജ്യത്ത് നിന്നും നുസുക് ആപ്പ് വഴി ഉംറ പാക്കേജുകള്‍ വാങ്ങാനും വിസ നടപടികള്‍ പൂര്‍ത്തീകരിക്കുവാനും സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഇഅ്തമര്‍നാ ആപ്പ് പരിഷ്‌കരിച്ചാണ് നുസുക് എന്ന പുതിയ ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇനി മുതല്‍ ഉംറ പെര്‍മിറ്റുകള്‍ നേടാന്‍ നുസുക് എന്ന ആപ്പാണ് ഉപയോഗിക്കേണ്ടതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര തീര്‍ഥാടകരും വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്ന തീര്‍ഥാടകരും നുസുക് ആപ്പ് വഴിയാണ് പെര്‍മിറ്റുള്‍പ്പെടെയുള്ള സേവനങ്ങള്‍ തേടേണ്ടത്. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഉംറ തീര്‍ഥാടകരുടെ വിസാ, യാത്രാ നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത ഏകീകൃത ഗവണ്‍മെന്റ് പ്ലാറ്റ്ഫോം ആണിത്. സൗദിയിലേക്കുള്ള പ്രവേശന വിസ, ഉംറയും മദീന സന്ദര്‍ശനവും നടത്തുന്നവര്‍ക്ക് ആവശ്യമായ പെര്‍മിറ്റുകള്‍, സൗദിയിലെ ചരിത്ര, പൈതൃക കേന്ദ്രങ്ങളിലേക്കുള്ള യാത്ര ബുക്കിംഗ്, ഉംറ, സിയാറത്ത് പാക്കേജ് ബുക്കിംഗ്, മുഴുസമയവും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ തുടങ്ങി നിരവധി സേവനങ്ങള്‍ നുസുക് പ്ലാറ്റ്ഫോം വഴി ലഭ്യമാണ്.