റിയാദ് – നിതാഖാത്ത് പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പുമായി സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം രംഗത്ത്. ഡെവലപ്ഡ് നിതാഖാത്ത് പ്രോഗ്രാം എന്ന പേരിലുള്ള പുതിയ പദ്ധതി ഇന്നലെയാണ് മന്ത്രാലയം പ്രഖ്യാപിച്ചത്.
സൗദി തൊഴിൽ വിപണിയിൽ സ്വദേശി യുവതീയുവാക്കൾക്ക് കൂടുതൽ ആകർഷകവും മാന്യവുമായ തസ്തികകൾ സൃഷ്ടിക്കുക, വിപണിയിൽ അവരുടെ പങ്കാളിത്തം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. 2024 പിന്നിടുമ്പോഴേക്കും 3,40,000 ത്തിൽപരം സ്വദേശി യുവതീയുവാക്കൾക്ക് തൊഴിൽ നൽകാൻ പുതിയ പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് തന്ത്രപ്രധാനമായ മാറ്റങ്ങൾക്ക് തിരികൊളുത്തുന്നതിനായി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്രധാന പദ്ധതിയാണ് നിതാഖാത്ത് പ്രോഗ്രാം.
പ്രധാനമായും മൂന്ന് സവിശേഷതകളാണ് വികസിത നിതാഖാത്ത് പദ്ധതി വിഭാവന ചെയ്യുന്നതെന്ന് മന്ത്രാലയം വെളിപ്പെടുത്തി. സ്വകാര്യ മേഖല സ്ഥാപനങ്ങളുടെ സുസ്ഥിരമായ നിലനിൽപ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത മൂന്ന് വർഷത്തേക്ക് വിപണിയിൽ ആവശ്യമായ അഴിച്ചുപണിക്ക് വേണ്ട വ്യക്തമായ കാഴ്ചപ്പാടും സുതാര്യവുമായ ആസൂത്രണവുമാണ് ഇതിൽ ഒന്നാമത്തേത്.
ഓരോ സ്ഥാപനത്തിലെയും ജീവനക്കാരുടെ എണ്ണത്തിന് അനുസൃതമായി സൗദിവൽക്കരണ തോത് നിശ്ചയിക്കുന്നതിന് കൃത്യമായ സമവാക്യം രൂപീകരിക്കുക എന്ന പുതിയ പദ്ധതി മുന്നോട്ടു വെക്കന്നു എന്നതാണ് രണ്ടാമത് പ്രത്യേകത. നിലവിലുള്ള നിതാഖാത്ത് പദ്ധതി തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് സ്ഥാപനങ്ങളെ പ്രത്യേകം വിഭാഗങ്ങളായി തിരിച്ച്, ഇവക്കെല്ലാം സ്വദേശിവത്കരണത്തിന് ഒരേ തോത് നിശ്ചയിക്കുകയാണ് ചെയ്തുവരുന്നത്.
നിതാഖാത്ത് പദ്ധതിയിലെ 85 മേഖലകൾക്ക് പകരം ഒരേ സവിശേഷതകളെ കൂട്ടിച്ചേർത്ത് 32 മേഖലകളാക്കി മാറ്റി പരിവർത്തിക്കുക എന്നതാണ് പരിഷ്കരിച്ച നിതാഖാത്ത് പദ്ധതിയുടെ മൂന്നാമത്തെ സവിശേഷതയെന്നും മന്ത്രാലയം വെളിപ്പെടുത്തി. ഇത് ഉപഭോക്തൃ സ്ഥാപനങ്ങൾക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
സ്വകാര്യ മേഖല സ്ഥാപനങ്ങളും അനുബന്ധമായ ഗവൺമെന്റ് വകുപ്പുകളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിലും പരിഷ്കരിച്ച നിതാഖാത്ത് പ്രോഗ്രാം സഹായകമാകുമെന്നും മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
നിതാഖാത്ത് പദ്ധതിയുടെ ആദ്യ പതിപ്പ് 2011 ൽ ആണ് നിലവിൽവന്നത്. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിലും അവർക്ക് 3,000 റിയാൽ മിനിമം വേതനം നിശ്ചയിക്കുന്നതിലും പദ്ധതി വൻ വിജയമായി. ഈ വർഷം രണ്ടാം പകുതിയിലാണ് സ്വദേശി ജീവനക്കാരുടെ ചുരുങ്ങിയ വേതനം 4,000 റിയാൽ ആയി നിശ്ചയിച്ചത്.