എൻസിബിയും സാംബയും ലയിച്ച്‌ സൗദി നാഷണൽ ബാങ്ക്

സൗദിയിലെ പ്രമുഖ ബാങ്കുകളായ നാഷണൽ കൊമേഴ്‌സ്യൽ ബാങ്ക് (എൻസിബി)യും സാംബ ഫിനാൻഷ്യൽ ഗ്രൂപ്പുമായി ലയിച്ച്‌ ഉണ്ടാകുന്ന പുതിയ ബാങ്ക് സൗദി നാഷണൽ ബാങ്ക് എന്ന പേരിൽ അറിയപ്പെടും. ലയനത്തോടെ 220 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള സൗദിയിലെ ഏറ്റവും വലിയ ഈ ബാങ്ക് ജിസിസിയിലെ മൂന്നാമത്തെ വലിയ ബാങ്കാകും.

ആവശ്യമായ റെഗുലേറ്ററി അംഗീകാരങ്ങൾക്കും ബാങ്കുകളുടെ ഓഹരി ഉടമകളുടെ അംഗീകാരത്തിനും ശേഷം ഒറ്റ ബാങ്കായി പ്രവർത്തനം ആരംഭിക്കുമെന്ന് എൻസിബി ബാങ്ക് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. രണ്ട് ബാങ്കുകളും തമ്മിലുള്ള ലയനത്തിന് സൗദി ജനറൽ അതോറിറ്റി ഫോർ കോമ്പറ്റീഷൻ (ജിഎസി) കഴിഞ്ഞ വർഷം അംഗീകാരം നൽകിയിരുന്നു .

15.4 ബില്യണ്‍ ഡോളറിന്റെ ഇടപാടിലൂടെയാണ് ലയനം സാധ്യമാകുന്നത്. എന്‍സിബിയുടെ നിലവിലുള്ള ഓഹരിയുടമകള്‍ക്ക് 67.4 ശതമാനവും സാംബയുടെ ഓഹരി ഉടമകള്‍ക്ക് 32.6 ശതമാനവും പുതിയ ബാങ്കിന്റെ ഓഹരി ലഭിക്കും. 37.2 ശതമാനം ഓഹരിയുമായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ഏറ്റവും വലിയ ഓഹരി ഉടമയായി മാറുകയും ചെയ്യും. സൗദി പബ്ലിക് പെന്‍ഷന്‍ ഏജന്‍സി (7.4 ശതമാനം), ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (5.8 ശതമാനം) എന്നീ സ്ഥാപനങ്ങളും ഓഹരികള്‍ സ്വന്തമാക്കും.

നിലവില്‍ സൗദി അറേബ്യയില്‍ ജനസംഖ്യാനുപാതികമായി ബാങ്കുകളുടെ എണ്ണം കൂടുതലാണ്. അതുകൊണ്ട് തന്നെ ബാങ്കുകളുടെ ലയനം അനിവാര്യമായിരുന്നു എന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം. എന്‍സിബി ഇതിനുമുമ്പ് റിയാദ് ബാങ്കുമായി ലയിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ 2019 ഡിസംബറില്‍ ഉപേക്ഷിക്കുകയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ യുഎഇയില്‍ നടന്നിരുന്ന ലയനങ്ങള്‍ സൗദി അറേബ്യയും പിന്തുടരുകയാണ്. ബ്ലൂംബെര്‍ഗ് ന്യൂസ് ഏജന്‍സിയുടെ അഭിപ്രായത്തില്‍ 800 ദശലക്ഷം സൗദി റിയാലിന്റെ (213 ദശലക്ഷം ഡോളര്‍) വാര്‍ഷിക ലാഭം ലയനത്തിലൂടെ സാധ്യമാകും എന്നാണ്.

സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ബാങ്കുകളുടെ ലയനം. പ്രമുഖ ബാങ്കുകളുടെ ലയനം സാമ്പത്തിക മേഖലയില്‍ ശക്തിപകരുമെന്നാണ് ബാങ്ക് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

ലയനത്തോടെ സൗദി അറേബ്യന്‍ ധനവിപണിയിലെ 25-30 ശതമാനം റീട്ടെയില്‍ കോര്‍പ്പറേറ്റ് ബിസിനസ്സ് പുതിയ ബാങ്കിന്റേതായി മാറും. നിലവില്‍ അഞ്ഞൂറിലധികം ബ്രാഞ്ചുകള്‍ ഇരു ബാങ്കുകള്‍ക്കുമായി രാജ്യത്തുണ്ട്. ലയനത്തിന് ശേഷം സാംബയുടെ നിലവിലെ ചെയര്‍മാന്‍ അമ്മാര്‍ അല്‍ഖുദൈരി പുതിയ ബാങ്കിന്റെ ഗ്രൂപ്പ് ചെയര്‍മാനും എന്‍സിബിയുടെ നിലവിലെ ചെയര്‍മാന്‍ സഈദ് മുഹമ്മദ് അല്‍ഗാംദി പുതിയ ബാങ്കിന്റെ മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഓയുമായി സ്ഥാനം ഏറ്റെടുക്കും.

മികച്ച മൂലധന അടിത്തറയുള്ള ശക്തമായ സംയോജിത ബാങ്ക് ഏത് സമ്പദ്‌വ്യവസ്ഥയ്ക്കും അനിവാര്യമാണ്. ഇത് കൊവിഡാനന്തര സമ്പദ്‌വ്യവസ്ഥയുടെ വെല്ലുവിളികളെ നേരിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

spot_img

Related Articles

Latest news