റിയാദ്: സൗദി അറേബ്യയുടെ 95-മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ 14 നഗരങ്ങളില്‍ വെടിക്കെട്ട് ഷോകള്‍ അരങ്ങേറും. പൊതുവിനോദ അതോറിറ്റിയുടെ പ്രധാന പരിപാടികളെക്കുറിച്ച് വിശദീകരിക്കവേ ചെയർമാൻ തുർക്കി ആലുശൈഖ് അറിയിച്ചു.
ദേശ്യ ദിനാഘോഷങ്ങള്‍ വ്യോമ, സമുദ്ര, കരപരേഡുകള്‍ എന്നിവയുടെ സമന്വയത്തോടെയാണ് നടക്കുന്നത്. സൈനിക വാഹനങ്ങളും കുതിരപ്പടകളും, ബാൻഡ് സംഘത്തിന്റെ പ്രകടനവും പരിപാടികളിലാകും.
വെടിക്കെട്ട് ഷോകള്‍ ഇന്ന് (ചൊവ്വ) രാത്രി ഒമ്പത് മണിക്ക് ആരംഭിക്കും. റിയാദ് നിവാസികള്‍ക്ക് ബൻബാൻ പ്രദേശത്ത്, ദമ്മാമില്‍ കടല്‍ത്തീരത്ത്, ജിദ്ദയില്‍ ജിദ്ദ ആർട്ട് പ്രൊമെനേഡിലും യാച്ച് ക്ലബ്ബിലും ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ഷോകള്‍ നടക്കും.
മദീനയില്‍ കിങ് ഫഹദ് സെൻട്രല്‍ പാർക്ക്, ഹാഇലിലെ അല്‍സലാം പാർക്ക്, അറാർ പബ്ലിക് പാർക്ക്, അമീർ അബ്ദുല്ല ഇലാഹ് കള്‍ച്ചറല്‍ സെന്റർ സകാക്ക, അബഹയിലെ അല്‍മത്ല്‍ പാർക്ക്, ഇഹ്തിഫാല്‍ സ്‌ക്വയർ, അല്‍ബഹ അമീർ ഹുസാം പാർക്ക്, തബൂക്ക് സെൻട്രല്‍ പാർക്ക്, ബുറൈദ കിങ് അബ്ദുല്ല നാഷണല്‍ പാർക്ക്, ജിസാൻ നോർത്തേണ്‍ കോർണിഷ്, ത്വാഇഫ് അല്‍റുദ്ഫ് പാർക്ക് എന്നിവിടങ്ങളിലും പ്രദർശനങ്ങള്‍ നടക്കും. നജ്‌റാൻ കിങ് സഊദ് പാർക്കില്‍ സെപ്റ്റംബർ 24 ബുധനാഴ്ച വൈകീട്ടാണ് ഷോകള്‍ അരങ്ങേറുക.
റോയല്‍ ഗാർഡ് പ്രസിഡൻസി, പ്രതിരോധ, ആഭ്യന്തര, നാഷണല്‍ ഗാർഡ് മന്ത്രാലയങ്ങള്‍, സിവില്‍ ഏവിയേഷൻ, എയർപോർട്ട്സ് ഹോള്‍ഡിംഗ് കമ്ബനി, സൗദി എയർ നാവിഗേഷൻ സർവീസസ്, സൗദി എയർലൈൻസ്, ഹെലികോപ്റ്റർ കമ്പനി, ഫ്ലൈ അദീല്‍, റിയാദ് എയർ, റേഡിയോ ആൻഡ് ടെലിവിഷൻ ജനറല്‍ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരേഡുകള്‍ നടക്കുന്നത്. ദേശീയ ദിനത്തിലെ പ്രധാന പരേഡ് സൗദി ടിവിയിൽ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ചെയർമാൻ അറിയിച്ചു.

