റിയാദ് – വാക്‌സിന്‍ സ്വീകരിച്ച വിദേശ ടൂറിസ്റ്റുകള്‍ ഒന്നാം തിയതി മുതല്‍ സൗദിയില്‍ ഇറങ്ങുമ്പോള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ പാലിക്കേണ്ടതില്ല. ടൂറിസ്റ്റ് വിസകളുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് നേരത്തെ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് ഞായറാഴ്ച മുതല്‍ എടുത്തുകളയും. സൗദിയിലെത്തിയ ശേഷം ടൂറിസ്റ്റുകള്‍ പൂര്‍ണ വാക്‌സിന്‍ സ്വീകരിച്ചത് സ്ഥിരീകരിക്കുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് സൗദിയിലെത്തുമ്പോള്‍ ടൂറിസ്റ്റുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു മുന്നില്‍ സമര്‍പ്പിക്കണം. സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു 72 മണിക്കൂറിനുള്ളില്‍ നടത്തിയ പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ടൂറിസ്റ്റുകള്‍ ഹാജരാക്കണമെന്ന് വ്യവസ്ഥയുണ്ട്.
സൗദിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ശകര്‍ വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈയാവശ്യത്തോടെ പുതുതായി ആരംഭിച്ച പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. തവക്കല്‍നാ ആപ്പിലും ടൂറിസ്റ്റുകള്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ തവക്കല്‍നാ ആപ്പ് ടൂറിസ്റ്റുകള്‍ പ്രദര്‍ശിപ്പിക്കണം.
സൗദിയില്‍ അംഗീകാരമുള്ള ഫൈസര്‍, അസ്ട്രാസെനിക്ക, മോഡേണ വാക്‌സിനുകളുടെ രണ്ടു ഡോസോ ഒരു ഡോസ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനോ സ്വീകരിച്ചവരെയാണ് പൂര്‍ണ വാക്‌സിന്‍ സ്വീകരിച്ചവരായി കണക്കാക്കുക. സൗദി ടൂറിസ്റ്റ് വിസ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് (്ശശെെേമൗറശ.രീാ) എന്ന സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.
ടൂറിസ്റ്റുകളെ വീണ്ടും രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖതീബ് പറഞ്ഞു. കൊറോണ പ്രത്യാഘാതങ്ങളെ തുടര്‍ന്ന് അല്‍പ കാലം നിര്‍ത്തിവെച്ച ശേഷം വീണ്ടും ടൂറിസ്റ്റുകളെ സ്വീകരിക്കുന്നതില്‍ അങ്ങേയറ്റം ആഹ്ലാദമുണ്ട്. സുരക്ഷിത രീതിയില്‍ വിനോദ സഞ്ചാരികളെ വീണ്ടും സ്വീകരിക്കുന്നത് ഉറപ്പുവരുത്താന്‍, ടൂറിസ്റ്റുകളെ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ച കാലത്ത് മുഴുവന്‍ മേഖലകളിലെയും പങ്കാളികളുമായി ശക്തമായ സഹകരണം സ്ഥാപിക്കുന്നതില്‍ ടൂറിസം മന്ത്രാലയം ഊന്നല്‍ നല്‍കിയതായും വകുപ്പ് മന്ത്രി പറഞ്ഞു.
വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കു മുന്നില്‍ രാജ്യത്തിന്റെ കവാടങ്ങള്‍ തുറക്കാനുള്ള ചരിത്രപരമായ തീരുമാനം കൈക്കൊണ്ട് 2019 സെപ്റ്റംബറിലാണ് സൗദി അറേബ്യ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയത്. കൊറോണ മഹാമാരി വ്യാപനത്തെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടക്കുന്നതിനു മുമ്പുള്ള ആറു മാസത്തിനിടെ നാലു ലക്ഷം ടൂറിസ്റ്റ് വിസകള്‍ രാജ്യം അനുവദിച്ചിരുന്നു.